കോഴിക്കോട്: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണ്ണം കരിപ്പൂർ വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ) പിടികൂടി. കുഞ്ഞിന്റെ ശരീരത്തിൽ നിന്ന് മാത്രമല്ല, പിതാവിന്റെ ദേഹത്തുനിന്നും പേസ്റ്റ് രൂപത്തിലാക്കിയ സ്വർണ്ണ മിശ്രിതം ഉദ്യോഗസ്ഥർ കണ്ടെടുത്തു. റാസൽഖൈമയിൽ നിന്ന് കരിപ്പൂരിലെത്തിയ പൊന്നാനി സ്വദേശിയെയും എട്ട് മാസം പ്രായമുള്ള കുഞ്ഞിനെയുമാണ് ഡി.ആർ.ഐ സംഘം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയത്.
പിതാവും മൂന്ന് മക്കളുമടങ്ങുന്ന സംഘമാണ് വിമാനത്തിൽ ഇവിടെയെത്തിയത്. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ടുനിന്നെത്തിയ ഡി.ആർ.ഐ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞുവെച്ച് പരിശോധിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. ഓഗസ്റ്റ് മാസത്തിൽ വലിയ തോതിലുള്ള സ്വർണ്ണവേട്ടയാണ് സംസ്ഥാനത്ത് നടന്നത്. ഓഗസ്റ്റ് ആദ്യവാരത്തിൽ മാത്രം കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നായി 11 കോടിയിലേറെ രൂപ മൂല്യമുള്ള 8 കിലോഗ്രാം സ്വർണ്ണം കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തിരുന്നു. 14 വ്യത്യസ്ത സംഭവങ്ങളിലായി ആറ് മലയാളികൾ അടക്കം ഒൻപത് പേരാണ് ഈ കേസുകളിൽ ഇതുവരെ അറസ്റ്റിലായത്.





