കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷനിലെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട പ്രോസിക്യൂഷൻ അനുമതി ഉത്തരവ് പ്രതികൾക്ക് കൈമാറിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി ഹൈക്കോടതി. സർക്കാരിലെ ഉദ്യോഗസ്ഥർ രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് കാണിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകിയ ഉത്തരവ് പുറത്തിറങ്ങിയ അന്നുതന്നെ പ്രതിയായ ആർ. ചന്ദ്രശേഖരന്റെ കൈകളിൽ എത്തിയിരുന്നു.
ഇത്തരമൊരു പ്രോസിക്യൂഷൻ അനുമതിയുടെ പകർപ്പ് പ്രതിക്ക് കൈമാറണമെന്ന് ഏത് ചട്ടത്തിലാണ് വ്യവസ്ഥ ചെയ്തിട്ടുള്ളതെന്ന് കോടതി ചോദിച്ചു. ഹൈക്കോടതിയെപ്പോലും അവഹേളിക്കുന്ന നിലപാടാണ് സർക്കാർ ഉത്തരവിലൂടെ സ്വീകരിച്ചത്. വാർത്താസമ്മേളനം വിളിച്ചുകൂട്ടി വിശദീകരിക്കാനാണോ പ്രതിക്ക് ആദ്യംതന്നെ ഉത്തരവിന്റെ പകർപ്പ് എത്തിച്ചുനൽകിയതെന്ന് ചോദിച്ച കോടതി, ഏത് മാർഗ്ഗത്തിലൂടെയാണ് ഇത് പ്രതിക്ക് ലഭ്യമാക്കിയതെന്ന് വ്യക്തമാക്കാൻ സർക്കാരിനോട് നിർദ്ദേശിച്ചു. നേരിട്ടോ, തപാൽ മുഖേനയോ അതോ ഇമെയിൽ വഴിയാണോ ഉത്തരവ് എത്തിച്ചതെന്ന് ഒരാഴ്ചയ്ക്കകം സർക്കാർ വിശദീകരിക്കണം. കേസിലെ മറ്റൊരു പ്രതിയായ കെ.എ. രതീഷ് ഇപ്പോഴും വിവിധ പദവികളിൽ തുടരുന്നത് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ കടുത്ത പരാമർശങ്ങൾ.
ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റായ ആർ. ചന്ദ്രശേഖരൻ കേസിലെ പ്രധാന പ്രതികളിലൊരാളാണ്. വ്യവസായ വകുപ്പ് പ്രോസിക്യൂഷൻ അനുമതി ഉത്തരവിറക്കിയപ്പോൾത്തന്നെ അത് പ്രതിക്ക് ലഭിച്ചതിനെതിരെ നേരത്തെയും കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ചന്ദ്രശേഖരൻ വാർത്താസമ്മേളനം നടത്തി ഈ ഉത്തരവ് ഉയർത്തിക്കാട്ടി വിശദീകരണങ്ങൾ നൽകുന്ന സാഹചര്യവുമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് വിഷയം വീണ്ടും കോടതിയുടെ പരിഗണനയിലെത്തിയത്.
2006 മുതൽ 2015 വരെയുള്ള കാലയളവിൽ അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി കോർപ്പറേഷന് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയെന്നാണ് കേസ്. സി.ബി.ഐ അന്വേഷിക്കുന്ന ഈ കേസിൽ ഖാദി ബോർഡ് സെക്രട്ടറിയായിരുന്ന രതീഷ് ഒന്നാം പ്രതിയും, ആർ. ചന്ദ്രശേഖരൻ മൂന്നാം പ്രതിയുമാണ്.





