കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പ്രസ്താവനയെ തള്ളിപ്പറയാതെ കെ.ടി. ജലീൽ. മതപരമായ കാഴ്ചപ്പാടുകൾ വ്യക്തമാക്കാൻ കാന്തപുരത്തിന് പൂർണ്ണമായ അവകാശമുണ്ടെന്നും, എന്നാൽ അതിനോട് വിയോജിക്കാൻ പൊതുസമൂഹത്തിനും അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാന്തപുരം മുന്നോട്ടുവെച്ച നിലപാടുകൾ ശരിയാണോ തെറ്റാണോ എന്ന് വിലയിരുത്തേണ്ടത് ജനങ്ങളാണ്. ഇസ്ലാം മതത്തിനകത്ത് വിവിധ ചിന്താധാരകൾ നിലനിൽക്കുന്നുണ്ട്. മുസ്ലിം സമൂഹത്തെ അഭിസംബോധന ചെയ്താണ് അദ്ദേഹം സംസാരിച്ചത്. ആ പ്രസ്താവനയിൽ വ്യത്യസ്ത അഭിപ്രായമുള്ളവർ ആ സമുദായത്തിനുള്ളിൽത്തന്നെയുണ്ടെന്നും ജലീൽ ചൂണ്ടിക്കാട്ടി.
ഈ വിഷയത്തിൽ മുസ്ലിം ലീഗ് രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഭരണത്തിൽ കയറാനുള്ള ചവിട്ടുപടി മാത്രമാണ് ലീഗിന് സമുദായസ്നേഹം. പ്രതിപക്ഷ നിരയിൽ നിൽക്കുമ്പോൾ മാത്രമാണ് അവർക്ക് സമുദായത്തോട് ഈ പ്രതിബദ്ധത കാണുന്നത്. അധികാരത്തിലെത്തിയ ശേഷം വിവാദമായ ഒരു വിഷയത്തിലും മുസ്ലിം സംഘടനകളുടെ സംയുക്ത ഏകോപന യോഗം വിളിച്ചുചേർക്കാൻ അവർ തയ്യാറായിട്ടില്ല. കാന്തപുരത്തിന്റെ പ്രസ്താവനയിൽ ഫാത്തിമ തെഹ്ലിയ എം.എൽ.എ നിലപാട് വ്യക്തമാക്കണമെന്ന് ജലീൽ ആവശ്യപ്പെട്ടു. ഇവരെപ്പോലുള്ളവരാണ് മുസ്ലിം ലീഗ് എന്ന പാർട്ടിയുടെ പേരുപറഞ്ഞ് ജനങ്ങളിൽ നിന്ന് വോട്ട് തേടുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മതപരമായ നിയമങ്ങളിലും വിഷയങ്ങളിലും അന്തിമ തീരുമാനമെടുക്കേണ്ട ചുമതല രാഷ്ട്രീയ നേതാക്കൾക്കല്ല, മറിച്ച് മതപണ്ഡിതന്മാർക്കാണെന്ന് ജലീൽ പറഞ്ഞു. മതനിയമങ്ങൾ ലംഘിക്കുന്നവരെ ഉദ്ദേശിച്ചാണ് കാന്തപുരം സംസാരിച്ചത്. അത്തരം ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസോ സി.പി.ഐയോ സി.പി.ഐ.എമ്മോ ഇടപെട്ട് തീർപ്പുകൽപ്പിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





