കോഴിക്കോട്: നാദാപുരത്തെ മൊബൈൽ ഫോൺ വിൽപനശാലയിൽ വൻ കവർച്ച. കടയുടെ മുൻവശത്തെ ഷട്ടർ തകർത്ത് ഉള്ളിൽ കടന്ന മോഷ്ടാക്കൾ ഒരു കോടി രൂപയോളം മതിപ്പുവിലയുള്ള 92 ഐഫോണുകളാണ് അപഹരിച്ചത്. വില്യാപ്പള്ളി സ്വദേശിയായ റിയാസിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന 'Apple pro mobile' എന്ന സ്ഥാപനത്തിലാണ് മോഷണം അരങ്ങേറിയത്. വെള്ളിയാഴ്ച രാത്രി പത്തരയോടെ കടയടച്ച് പോയ ഉടമ, ശനിയാഴ്ച രാവിലെ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
ഓണം വിപണി ലക്ഷ്യമിട്ട് വിൽപനയ്ക്കായി സ്റ്റോക്ക് എത്തിച്ച ഫോണുകളാണ് നഷ്ടപ്പെട്ടത്. വിവരമറിഞ്ഞ് നാദാപുരം പോലീസ് ഉടൻതന്നെ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രതികളുടേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് സൂക്ഷ്മമായി പരിശോധിച്ച് വരികയാണ്. ഒരു മോട്ടോർ ബൈക്കിലെത്തിയ രണ്ടുപേർ കടയുടെ പരിസരത്ത് ചുറ്റിത്തിരിയുന്നതാണ് ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുള്ളത്. അതേസമയം, സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന പണമൊന്നും നഷ്ടമായിട്ടില്ല. കടയിലെ നിരീക്ഷണ ക്യാമറകൾ മറ്റൊരു ദിശയിലേക്ക് തിരിച്ചുവെച്ച നിലയിലായിരുന്നു.





