Malayali Media
Kerala

അടിയന്തരാവസ്ഥയിലെ കുറ്റപ്പെടുത്തലിന് നിലമ്പൂർ ഏറ്റുമുട്ടൽ ഓർമ്മിപ്പിച്ച് മറുപടി; ദേശാഭിമാനിക്കെതിരെ ആഞ്ഞടിച്ച് ‘ജനയുഗം’

30 Aug 20261 views 3 min read
അടിയന്തരാവസ്ഥയിലെ കുറ്റപ്പെടുത്തലിന് നിലമ്പൂർ ഏറ്റുമുട്ടൽ ഓർമ്മിപ്പിച്ച് മറുപടി; ദേശാഭിമാനിക്കെതിരെ ആഞ്ഞടിച്ച് ‘ജനയുഗം’
Advertisement

തിരുവനന്തപുരം: ദേശാഭിമാനിയിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹനൻ എഴുതിയ ലേഖനത്തിലെ വിമർശനങ്ങൾക്കെതിരെ രൂക്ഷമായ മറുപടിയുമായി സി.പി.ഐ മുഖപത്രമായ ‘ജനയുഗം’. സി.പി.ഐ നേതാവ് രാജാജി മാത്യു തോമസ് എഴുതിയ ‘കൂട്ടായ നേതൃത്വം കാലഘട്ടത്തിന്റെ ആവശ്യകത’ എന്ന ലേഖനത്തിലാണ് ദേശാഭിമാനിയുടെ നിലപാടുകൾക്ക് അക്കമിട്ട് മറുപടി നൽകിയിരിക്കുന്നത്. അടിയന്തരാവസ്ഥയെ പിന്തുണച്ച ഏക കമ്മ്യൂണിസ്റ്റ് പാർട്ടി സി.പി.ഐ ആണെന്ന ആക്ഷേപത്തെ, നിലമ്പൂർ കാടുകളിൽ നടന്ന മാവോയിസ്റ്റ് വെടിവെപ്പ് ചൂണ്ടിക്കാട്ടിയാണ് മുഖപത്രം പ്രതിരോധിച്ചത്. പ്രതിപക്ഷ ഉപനേതൃസ്ഥാനം സി.പി.ഐ.എം ഒഴിഞ്ഞുനൽകണമെന്ന് ആവശ്യപ്പെടാൻ സി.പി.ഐക്ക് എന്ത് അവകാശമാണുള്ളതെന്ന ചോദ്യത്തിനും ലേഖനത്തിൽ വ്യക്തമായ വിശദീകരണമുണ്ട്.

അടിയന്തരാവസ്ഥക്കാലത്തുണ്ടായ അതിക്രമങ്ങളിൽ സി. അച്യുതമേനോൻ അതീവ ദുഃഖിതനായിരുന്നുവെന്ന യാഥാർത്ഥ്യം അദ്ദേഹം ഒളിച്ചുവെച്ചിട്ടില്ലെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ മുന്നണി വൻ വിജയം നേടിയിട്ടും അതിന്റെ നേതൃത്വം ഏറ്റെടുക്കാൻ അദ്ദേഹം വിമുഖത കാട്ടിയതിന് പിന്നിൽ ഈ മനോവിഷമവും കാരണമായിട്ടുണ്ടാകാം. അച്യുതമേനോന്റെ കാലത്തിന് ശേഷവും കേരളത്തിൽ ഇടതുപക്ഷ സർക്കാരുകൾ ഭരിച്ചിട്ടുണ്ടെന്നും, അപ്പോഴെല്ലാം അറിഞ്ഞോ അറിയാതെയോ പോലീസ് അതിക്രമങ്ങൾ അരങ്ങേറിയിട്ടുണ്ടെന്ന സത്യം വിസ്മരിക്കരുതെന്നും ഓർമ്മിപ്പിക്കുന്നു. ഛത്തീസ്ഗഢിൽ നക്സലുകളെ ഉന്മൂലനം ചെയ്യുന്ന മോദി സർക്കാരിന്റെ ഭരണകൂട ഭീകരതയുമായി താരതമ്യം ചെയ്യുന്നില്ലെങ്കിലും, നിലമ്പൂരിലെ കാടുകളിൽ നക്സലൈറ്റുകൾ വെടിയേറ്റ് വീണത് ഒരു സർക്കാരിനും ഭൂഷണമല്ലെന്ന കാര്യം മറക്കരുതെന്നും ലേഖനം വ്യക്തമാക്കുന്നു.

പ്രതിപക്ഷ ഉപനേതൃസ്ഥാനം ചോദിക്കുന്നതിലെ രാഷ്ട്രീയവും ലേഖനം വ്യക്തമാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തിയപ്പോൾ മുന്നണിയുടെ ഘടനയിൽ കൂട്ടായ നേതൃത്വവും ഉത്തരവാദിത്തവും അനിവാര്യമാണെന്ന ബോധ്യത്തിൽ നിന്നാണ് ഈ ആവശ്യം ഉഭയകക്ഷി ചർച്ചകളിൽ ഉന്നയിച്ചത്. വിഷയം മുന്നണി യോഗത്തിൽ കൊണ്ടുവരാതെ ഉഭയകക്ഷി തലത്തിൽ ഒതുക്കണമെന്ന സി.പി.ഐ.എം നിലപാട് സി.പി.ഐ അംഗീകരിക്കുകയും മുന്നണിയിൽ മിണ്ടാതിരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഊർജ്ജസ്വലമായ മാധ്യമപ്രവർത്തനം നടക്കുന്ന ഒരു സംസ്ഥാനത്ത് ഇത്തരം കാര്യങ്ങൾ രഹസ്യമാക്കി വെക്കുക അസാധ്യമാണ്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ പ്രതികരിക്കേണ്ടി വന്ന സാഹചര്യത്തിലാണ് വിഷയം പൊതുസമൂഹത്തിൽ എത്തിയത്. അങ്ങനെ വരുമ്പോൾ നിലപാടുകൾ അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കാൻ പാർട്ടി ബാധ്യസ്ഥമാണെന്നും ജനയുഗം വിശദീകരിക്കുന്നു.

പ്രതിപക്ഷ നേതൃപദവികൾ തുടക്കം മുതലേ സി.പി.ഐ.എമ്മിന് ലഭിച്ച കീഴ്‌വഴക്കമാണെന്ന വാദത്തെയും ലേഖനം ചോദ്യം ചെയ്യുന്നു. എൽ.ഡി.എഫ് ഉണ്ടായ കാലം തൊട്ടുള്ള ഈ കീഴ്‌വഴക്കം മാറ്റമില്ലാതെ തുടരണമെന്ന നിലപാട് രാഷ്ട്രീയ മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള മടിയാണ്. 1977-ന് ശേഷം ആദ്യമായി രാജ്യത്തെ ഒരു സംസ്ഥാനത്തും പാർട്ടി ഭരണത്തിലില്ലാത്ത സ്ഥിതിയാണെന്ന സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലെ സ്വയംവിമർശനം ഉദ്ധരിച്ചാണ് ഈ വാദത്തെ നേരിടുന്നത്.

കേരളത്തിലടക്കം സംഘപരിവാർ-ബി.ജെ.പി ശക്തികൾ സ്വാധീനമുറപ്പിക്കുന്ന വിപത്ത് സി.പി.ഐ.എമ്മിന്റെ റിപ്പോർട്ടിൽ തന്നെ പറയുന്നുണ്ട്. ഈ ഭീഷണിയെ മറികടക്കാൻ പഴകിത്തേഞ്ഞ കീഴ്‌വഴക്കങ്ങളിൽ മാത്രം ഒതുങ്ങാതെ കൂട്ടായ നേതൃത്വം വേണമെന്നാണ് സി.പി.ഐ നിലപാട്. കോൺഗ്രസ് ബന്ധത്തെക്കുറിച്ചുള്ള ദേശാഭിമാനിയുടെ പരിഹാസത്തിനും ലേഖനം മറുപടി നൽകുന്നുണ്ട്. കോൺഗ്രസിന്റെ പോരായ്മകളും മുൻവിധികളും നിലനിൽക്കുമ്പോൾത്തന്നെ ഫാസിസത്തെ ചെറുക്കാൻ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ പങ്ക് തള്ളിക്കളയാൻ ആർക്കാണ് കഴിയുകയെന്ന് ജനയുഗം ചോദിക്കുന്നു. അടിയന്തരാവസ്ഥ ഓർമ്മിപ്പിക്കുന്നവർ തങ്ങളുടെ അസ്തിത്വം തെളിയിക്കാൻ രാജസ്ഥാനിലെ സിക്കർ മണ്ഡലത്തിൽ കോൺഗ്രസ് പിന്തുണയോടെയാണ് മത്സരിച്ച് ജയിച്ചതെന്ന കാര്യം മറക്കരുതെന്നും ഓർമ്മിപ്പിച്ചു. 1996-ൽ ജ്യോതി ബസുവിന് പ്രധാനമന്ത്രിയാകാനുള്ള അവസരം സി.പി.ഐ.എം നിഷേധിച്ച ചരിത്രപരമായ മണ്ടത്തരത്തെക്കുറിച്ചുള്ള ബസുവിന്റെ തന്നെ ഓർമ്മപ്പെടുത്തലും ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്.

പ്രതിപക്ഷ ഉപനേതാവ് വിഷയത്തിലെ ചർച്ചകളെ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഭാവിയെ മുൻനിർത്തിയുള്ള ഒന്നായി കാണാനാണ് സി.പി.ഐ ആഗ്രഹിക്കുന്നത്. എൽ.ഡി.എഫിൽ കൂട്ടായ നേതൃത്വവും കൂട്ടായ ഉത്തരവാദിത്തവും ഉണ്ടായേ തീരൂ. പരാജയത്തിലേക്ക് നയിച്ച വീഴ്ചകൾ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ടെങ്കിലും അതോരോന്നും എടുത്തുപറഞ്ഞ് തർക്കിക്കാൻ ഉദ്ദേശിക്കുന്നില്ല. സെപ്റ്റംബറിൽ ചേരുന്ന സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയുടെ പ്രത്യേക യോഗത്തിലെ വിലയിരുത്തലുകൾ മുന്നണിയുടെ കൂട്ടായ്മയ്ക്കും കെട്ടുറപ്പിനും വഴിതുറക്കുമെന്ന് പ്രത്യാശിച്ചുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.

Tags:#cpi#cpim#janayugam
Advertisement

Related News

'സ്ത്രീകളെ നൂറ്റാണ്ടുകൾ പിന്നോട്ടടിക്കുന്ന നിലപാട്'; കാന്തപുരം വിഭാഗത്തിന്റെ സർക്കുലറിനെതിരെ കടുത്ത വിമർശനവുമായി ഡിവൈഎഫ്ഐ

'സ്ത്രീകളെ നൂറ്റാണ്ടുകൾ പിന്നോട്ടടിക്കുന്ന നിലപാട്'; കാന്തപുരം വിഭാഗത്തിന്റെ സർക്കുലറിനെതിരെ കടുത്ത വിമർശനവുമായി ഡിവൈഎഫ്ഐ

ചേന്തി അനിലിന്റേത് കടുത്ത അച്ചടക്കലംഘനം; ഗ്രൂപ്പുപോര് എന്ന വാദം അടിസ്ഥാനരഹിതമെന്ന് എൻ. ശക്തൻ

ചേന്തി അനിലിന്റേത് കടുത്ത അച്ചടക്കലംഘനം; ഗ്രൂപ്പുപോര് എന്ന വാദം അടിസ്ഥാനരഹിതമെന്ന് എൻ. ശക്തൻ

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരുടെ സംഘർഷം: ഒരാൾക്ക് കുത്തേറ്റു; സബ് ജയിലിൽ ഉദ്യോഗസ്ഥന് മർദ്ദനം

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരുടെ സംഘർഷം: ഒരാൾക്ക് കുത്തേറ്റു; സബ് ജയിലിൽ ഉദ്യോഗസ്ഥന് മർദ്ദനം

സ്ത്രീകളുടെ പൊതുസാന്നിധ്യത്തെ 'പ്രദർശനം' എന്ന് വിളിക്കുന്നത് അസഹിഷ്ണുതയും സ്ത്രീവിരുദ്ധതയും; കാന്തപുരം വിഭാഗത്തിന്റെ സർക്കുലറിനെതിരെ എസ്.എഫ്.ഐ

സ്ത്രീകളുടെ പൊതുസാന്നിധ്യത്തെ 'പ്രദർശനം' എന്ന് വിളിക്കുന്നത് അസഹിഷ്ണുതയും സ്ത്രീവിരുദ്ധതയും; കാന്തപുരം വിഭാഗത്തിന്റെ സർക്കുലറിനെതിരെ എസ്.എഫ്.ഐ

സ്ത്രീകൾക്കെതിരായ സമസ്തയുടെ നിലപാട് അങ്ങേയറ്റം സ്ത്രീവിരുദ്ധവും കാലഹരണപ്പെട്ടതും; തുറന്നടിച്ച് കെ.കെ. ശൈലജ

സ്ത്രീകൾക്കെതിരായ സമസ്തയുടെ നിലപാട് അങ്ങേയറ്റം സ്ത്രീവിരുദ്ധവും കാലഹരണപ്പെട്ടതും; തുറന്നടിച്ച് കെ.കെ. ശൈലജ

Comments

Add a Comment

Our Channels

അടിയന്തരാവസ്ഥയിലെ കുറ്റപ്പെടുത്തലിന് നിലമ്പൂർ ഏറ്റുമുട്ടൽ ഓർമ്മിപ്പിച്ച് മറുപടി; ദേശാഭിമാനിക്കെതിരെ ആഞ്ഞടിച്ച് ‘ജനയുഗം’ | Malayali Media