കോട്ടയം: കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ വസതിയിൽ നടന്ന മിന്നൽ പരിശോധനയുമായി ബന്ധപ്പെട്ട് അതീവ നാടകീയമായ വിവരങ്ങൾ പുറത്തുവന്നു. ബാറുകളിൽ നേരിട്ട് പരിശോധന നടത്താനാണ് എക്സൈസ് കമ്മീഷണർ ജില്ലയിലെത്തിയത്. എന്നാൽ ഈ സന്ദർശനത്തിനിടയിലാണ് ഡെപ്യൂട്ടി കമ്മീഷണറുടെ വഴിവിട്ട ഇടപാടുകളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ കമ്മീഷണറുടെ ശ്രദ്ധയിൽപ്പെടുന്നത്. ജില്ലയിലെ ബാറുകളിൽ നിന്ന് ഇയാൾ മാസംതോറും വലിയ തുക കൈക്കൂലിയായി വാങ്ങിയിരുന്നുവെന്നാണ് കണ്ടെത്തൽ.
മറ്റ് ബാറുകളിൽ നിന്ന് പണം ശേഖരിച്ച് നൽകാൻ ഒരു ബാർ മാനേജരെയാണ് ഇയാൾ ചുമതലപ്പെടുത്തിയിരുന്നത്. ഈ മാനേജരെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നതിനിടയിൽ അപ്രതീക്ഷിതമായി ഇയാളുടെ ഫോണിലേക്ക് ഡെപ്യൂട്ടി കമ്മീഷണറുടെ വിളി എത്തി. കമ്മീഷണർ നിലവിൽ ജില്ലയിലുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഇയാൾ ബാർ മാനേജർക്ക് ഫോണിലൂടെ താക്കീത് നൽകി. ഈ ഫോൺ സംഭാഷണം അതേപടി റെക്കോർഡ് ചെയ്ത എക്സൈസ് കമ്മീഷണർ, മാനേജരുടെ മൊഴിയും കൃത്യമായ തെളിവുകളും ശേഖരിച്ച ശേഷമാണ് അശോക് കുമാറിന്റെ വീട്ടിൽ നേരിട്ടെത്തി റെയ്ഡ് നടത്തിയത്.
പ്രതിമാസം ലക്ഷക്കണക്കിന് രൂപയാണ് അശോക് കുമാർ കൈപ്പറ്റിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പണപ്പിരിവ് നടത്തിയിരുന്ന ബാർ മാനേജരിൽ നിന്ന് സാമ്പത്തിക ഇടപാടുകളുടെ തെളിവുകൾ ലഭിച്ചു. ഫോൺ പരിശോധിച്ചതിൽ നിന്ന് വൻതുക കൈമാറിയതിന്റെ ഡിജിറ്റൽ രേഖകളും കണ്ടെത്തി. പണത്തിന് പുറമെ എല്ലാ മാസവും മദ്യസൽക്കാരങ്ങളും സംഘടിപ്പിച്ചിരുന്നു. ചങ്ങനാശ്ശേരി റേഞ്ചിലെ ഏതാനും ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കാളിത്തമുണ്ടെന്നാണ് വിവരം. ബാറുകളിൽ നിന്ന് ഉദ്യോഗസ്ഥർ മദ്യം കൈപ്പറ്റി പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്.
കോട്ടയത്തിന് പുറമെ ആലപ്പുഴ ജില്ലയിലും സമാനമായ രീതിയിൽ പണപ്പിരിവ് നടക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴയിലെ എക്സൈസ് ഉദ്യോഗസ്ഥരും ബാറുടമകളിൽ നിന്ന് പണവും മദ്യവും വാങ്ങുന്നതായി വകുപ്പിന് ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴയിലും പരിശോധനകൾ കർശനമാക്കാനാണ് എക്സൈസ് കമ്മീഷണറുടെ തീരുമാനം. കമ്മീഷണറുടെ ഇത്തരം ശക്തമായ നടപടികൾക്ക് വകുപ്പ് മന്ത്രിയുടെ പൂർണ്ണ പിന്തുണയുണ്ടെന്നാണ് വിവരം.





