കൊച്ചി: പൊതുവേദികളിലും മറ്റ് പൊതുസ്ഥലങ്ങളിലും സ്ത്രീകളെ 'പ്രദർശിപ്പിക്കരുത്' എന്ന് ആവശ്യപ്പെട്ട് സമസ്ത കാന്തപുരം വിഭാഗം പുറപ്പെടുവിച്ച സർക്കുലറിനെതിരെ ഡിവൈഎഫ്ഐ രംഗത്ത്. ഈ നിർദ്ദേശം തികച്ചും സ്ത്രീവിരുദ്ധവും ആധുനിക കാലഘട്ടത്തിന് നിരക്കാത്തതുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. കാലാനുസൃതമായ മാറ്റങ്ങളെ ഉൾക്കൊള്ളാനും തിരിച്ചറിയാനും എല്ലാവരും തയ്യാറാകണമെന്നും സംഘടന ഓർമ്മിപ്പിച്ചു.
വിദ്യാഭ്യാസ, സാമൂഹ്യ രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന സമസ്ത കാന്തപുരം വിഭാഗത്തിൽ നിന്നും ഇത്തരമൊരു പ്രതികരണം ഉണ്ടായത് ദൗർഭാഗ്യകരമാണെന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി. സ്ത്രീ സമൂഹത്തെ നൂറ്റാണ്ടുകൾക്ക് മുൻപുള്ള അവസ്ഥയിലേക്ക് പിന്തിരിപ്പിക്കുന്നതാണ് ഈ സർക്കുലറെന്നാണ് അവരുടെ നിലപാട്. സാമൂഹികമായും വിദ്യാഭ്യാസപരമായും നമ്മൾ ഇന്ന് ഏറെ പുരോഗതി പ്രാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലും തൊഴിലിടങ്ങളിലും സ്ത്രീകളുടെ പ്രാതിനിധ്യം വലിയ തോതിൽ വർദ്ധിച്ചിരിക്കുന്നു. ഇതിൽ തന്നെ മുസ്ലിം സ്ത്രീകൾ ഉന്നത പദവികളിൽ എത്തിച്ചേരുകയും പൊതുസമൂഹത്തിൽ സജീവമായി ഇടപെടുകയും ചെയ്യുന്നുണ്ടെന്ന് പ്രസ്താവനയിൽ എടുത്തുപറയുന്നു.
അന്യപുരുഷന്മാർ പങ്കെടുക്കുന്ന വേദികളിലേക്കും പൊതുവിടങ്ങളിലേക്കും സ്ത്രീകളെ കൊണ്ടുവരരുതെന്നും, അതിരുവിടുന്ന ആഘോഷങ്ങൾ നിയന്ത്രിക്കണമെന്നുമായിരുന്നു കാന്തപുരം അബൂബക്കർ മുസലിയാർ പുറത്തിറക്കിയ വിവാദ സർക്കുലറിലെ പ്രധാന നിർദ്ദേശം. നബിദിന പരിപാടികളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചത് ചില വിമർശനങ്ങൾക്കിടയാക്കിയതിന് പിന്നാലെയാണ് മദ്രസകൾക്കും മഹല്ല് കമ്മറ്റികൾക്കും കാന്തപുരം വിഭാഗം ഈ നിർദ്ദേശം നൽകിയത്. എന്നാൽ ഇതിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും കടുത്ത എതിർപ്പാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം എസ്എഫ്ഐയും ഈ വിഷയത്തിൽ രൂക്ഷമായ പ്രതികരണം രേഖപ്പെടുത്തിയിരുന്നു. സ്ത്രീകൾ പൊതുവേദിയിൽ എത്തുന്നതിനെ 'പ്രദർശനം' എന്ന് വിളിക്കുന്നത് അസഹിഷ്ണുതയും അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധതയുമാണെന്ന് എസ്എഫ്ഐ കുറ്റപ്പെടുത്തി. എന്നാൽ, കാന്തപുരം വിഭാഗത്തിന്റെ സർക്കുലറിനെ പൂർണ്ണമായും പിന്തുണയ്ക്കുന്ന സമീപനമാണ് സമസ്ത ഇ.കെ വിഭാഗം സ്വീകരിച്ചത്.





