തിരുവനന്തപുരം: അനിലിന് സാമൂഹികവിരുദ്ധ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പുകളെ തുടർന്നാണ് ചേന്തിയിലെ പൊതുപരിപാടിയിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിന്നത്. പ്രദേശത്ത് ഉണ്ടായേക്കാവുന്ന ക്രമസമാധാന പ്രശ്നങ്ങൾ മുൻകൂട്ടി കണ്ടുകൂടിയാണ് പരിപാടി വേണ്ടെന്നുവെച്ചതെന്നാണ് വിവരം. ചടങ്ങിൽ പങ്കെടുക്കില്ലെന്ന കാര്യം ഒരാഴ്ച മുൻപേ മുഖ്യമന്ത്രിയുടെ ഓഫീസ് സംഘാടകരെ അറിയിച്ചിരുന്നെങ്കിലും മനഃപൂർവ്വം അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. മുഖ്യമന്ത്രിയോട് ചേന്തി അനിൽ അപമര്യാദയായി പെരുമാറിയതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രത്യേക അന്വേഷണസംഘം വിശദമായി പരിശോധിക്കും.
അതേസമയം, നിലവിൽ റിമാൻഡിലുള്ള ചേന്തി അനിലിന്റെ പേരിൽ നിലവിൽ മറ്റ് സജീവ കേസുകളൊന്നുമില്ല. ഇയാൾക്കെതിരെയുണ്ടായിരുന്ന പഴയ കേസുകളെല്ലാം കോടതികളിൽ തീർപ്പായവയാണ്. 2023-ലെ തുമ്പ സ്റ്റേഷനിലെ സംഘർഷക്കേസ് ഒത്തുതീർപ്പായിരുന്നു. കൂടാതെ ശ്രീകാര്യം, കഴക്കൂട്ടം പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരുന്ന കേസുകളിലും നടപടികൾ അവസാനിച്ചിട്ടുണ്ട്. എന്നിരുന്നാലും, നിയമപ്രകാരം കേസുകൾ അവസാനിച്ചാലും ഒരാളുടെ പേര് പത്ത് വർഷം വരെ റൗഡി ലിസ്റ്റിൽ തുടരും. ജില്ലാ പോലീസ് മേധാവിക്ക് (എസ്.പി) പ്രത്യേക റിപ്പോർട്ട് സമർപ്പിച്ച് മാത്രമേ ഈ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കാൻ സാധിക്കൂ.
ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയത്തിലെ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതിനെത്തുടർന്നാണ് കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന്റെ വാഹനം തടസ്സപ്പെടുത്തിയത്. ചെമ്പഴന്തിയിലേക്കുള്ള യാത്രാമധ്യേ ചേന്തിയിൽ വെച്ച് പ്രാദേശിക പ്രവർത്തകർ മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് മുന്നിൽ കൈകാണിച്ച് തടസ്സം സൃഷ്ടിക്കുകയായിരുന്നു.





