മലപ്പുറം: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ടയിൽ പത്ത് കോടി രൂപയോളം മതിപ്പുവിലയുള്ള 12.800 കിലോഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ കോയമ്പത്തൂരിൽ പിടിയിലായി. മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പാടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബർ (21) എന്നിവരെയാണ് മലപ്പുറം പോലീസ് തമിഴ്‌നാട്ടിൽ നിന്ന് വലയിലാക്കിയത്.
ദീർഘകാലമായി സംസ്ഥാനത്തിനകത്തും പുറത്തുമായി വിപുലമായ ലഹരിവിതരണം നടത്തിവരികയായിരുന്നു ഈ സംഘം. ഏതാനും ആഴ്ചകൾക്ക് മുൻപ് മഞ്ചേരി ടൗണിലെ ഒരു ഫ്ലാറ്റിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ 100 ഗ്രാം എം.ഡി.എം.എയുമായി ആറംഗ സംഘത്തെ പിടികൂടിയിരുന്നു. പ്രത്യേക അന്വേഷണസംഘം ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്ന വൻ റാക്കറ്റിനെക്കുറിച്ച് നിർണ്ണായക സൂചന ലഭിച്ചത്. ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ മഹാനഗരങ്ങളിലെ രഹസ്യതാവളങ്ങളിൽ വൻതോതിൽ ലഹരിശേഖരം എത്തിച്ച ശേഷം കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും കടത്തുന്നതായിരുന്നു ഇവരുടെ ശൈലി. ആഡംബര കാറുകളിൽ പ്രത്യേക രഹസ്യ അറകൾ നിർമ്മിച്ച് ലഹരി കടത്തുന്ന ഈ സംഘത്തെക്കുറിച്ച് പോലീസ് വ്യക്തമായ വിവരം ശേഖരിച്ചു. തുടർന്ന് നടത്തിയ നിരീക്ഷണത്തിൽ കോയമ്പത്തൂർ, പഴനി, കൊടൈക്കനാൽ തുടങ്ങിയ പ്രധാന വിനോദസഞ്ചാര, വാണിജ്യ കേന്ദ്രങ്ങളാണ് ഇവരുടെ മുഖ്യ ഇടത്താവളങ്ങളെന്നും ഇത്തരം തിരക്കേറിയ ഇടങ്ങളിൽ വെച്ചാണ് വിതരണം നടക്കുന്നതെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പിന്തുടർന്നാണ് പ്രതികളെ കോയമ്പത്തൂരിൽ വെച്ച് പോലീസ് സംഘം പിടികൂടിയത്.
പ്രതികളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ഇന്നോവ കാറിനുള്ളിൽ അതിവിദഗ്ദ്ധമായി സൂക്ഷിച്ചിരുന്ന ലഹരിശേഖരം പുറത്തെടുത്തത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള വിവിധ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനായി 100 ഗ്രാം മുതൽ 500 ഗ്രാം വരെയുള്ള ചെറിയ പായ്ക്കറ്റുകളാക്കി കാറിന്റെ ഡോർ പാഡിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. ഇരുസംസ്ഥാനങ്ങളിലെയും യുവാക്കളെ ലക്ഷ്യമിട്ട് എത്തിച്ച പത്ത് കോടിയിലധികം രൂപയുടെ ഈ ലഹരി ശേഖരം മലപ്പുറം ജില്ലാ പോലീസിന്റെ പ്രത്യേക സംഘം തന്ത്രപരമായാണ് പിടിച്ചെടുത്തത്. ഇത്രയധികം ലഹരിമരുന്ന് എവിടെനിന്നാണ് കൊണ്ടുവന്നത് എന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.





