മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെത്തുടർന്ന് ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉത്തരവാദികളായ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കും ഇടനിലക്കാർക്കുമെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ഉന്നതതല നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് ഓട്ടോ തൊഴിലാളി യൂണിയനുകൾ ആരോപിച്ചു.
ജില്ലയിൽ എം.വി.ഡി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഏജന്റുമാരുടെ വൻ ലോബി തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് പ്രധാന ആക്ഷേപം. ഇടനിലക്കാരെ ആശ്രയിക്കാതെ നേരിട്ടെത്തുന്ന അപേക്ഷകർക്കാർക്കും ഫിറ്റ്നസ് നൽകാത്ത സ്ഥിതിയാണുള്ളത്. ഓട്ടോയിൽ രൂപമാറ്റം (മോഡിഫിക്കേഷൻ) വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥർ ഫിറ്റ്നസ് നിരസിച്ചത്. എന്നാൽ, നേരത്തെ ഏജന്റ് മുഖേന ഫിറ്റ്നസ് നേടിയ ഇതേ വാഹനത്തിന്, പിന്നീട് ഡ്രൈവർ നേരിട്ട് അപേക്ഷിച്ചപ്പോൾ അനുമതി നിഷേധിക്കുകയായിരുന്നു. വാഹനത്തിൽ ചട്ടവിരുദ്ധമായ യാതൊരു മോഡിഫിക്കേഷനും ഇല്ലെന്നും സാധാരണ സ്റ്റീൽ കമ്പികൾ മാത്രമാണുള്ളതെന്നും വ്യക്തമാക്കിയ നാട്ടുകാർ, സർട്ടിഫിക്കറ്റിനായി ഡ്രൈവർ നിരന്തരം എം.വി.ഡി ഓഫീസുകൾ കയറിയിറങ്ങിയിരുന്നുവെന്നും ചൂണ്ടിക്കാട്ടി.
ഇടനിലക്കാരുടെ സാന്നിധ്യമില്ലാതെ ഫിറ്റ്നസ് നൽകില്ലെന്ന ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് മലപ്പുറം സ്വദേശിയായ ഷൗക്കത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. സംഭവത്തിൽ അരീക്കോട് പോലീസ് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്. തന്റെ മരണത്തിന് കാരണം മോട്ടോർ വാഹന വകുപ്പാണെന്നും കൈക്കൂലി നൽകാത്തതിന്റെ പേരിൽ മാത്രമാണ് ഉപജീവനമാർഗ്ഗം തകർത്തതെന്നും മരിക്കുന്നതിന് തൊട്ടുമുമ്പ് ഷൗക്കത്ത് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. കഴിഞ്ഞ 10 മാസത്തോളമായി താൻ ഇടനിലക്കാരുടെയും ഓഫീസുകളുടെയും പിന്നാലെ നടക്കുകയായിരുന്നുവെന്നും കുറിപ്പിലുണ്ടായിരുന്നു. അതേസമയം, ദാരുണ സംഭവത്തിൽ ഗതാഗത മന്ത്രി സി.പി. ജോൺ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചാലുടൻ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.





