മലപ്പുറം: മാടാക്കര പള്ളിക്കകത്ത് ബൂട്ടിട്ട് പ്രവേശിച്ച് നടപടിയെടുത്ത സംഭവത്തിൽ പോലീസുകാർക്കെതിരെ അച്ചടക്ക നടപടി. ചോമ്പാല എസ്.എച്ച്.ഒ ഷമീൽ, എസ്.സി.പി.ഒമാരായ മനോജൻ എം.വി, മനോജ് കുമാർ കെ.വി, അനിൽ കുമാർ എൻ.പി, പ്രവീൺ കുമാർ സി എന്നിവരുൾപ്പെടെ അഞ്ച് പോലീസുകാരെയാണ് ജില്ലാ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയത്. പോലീസിന്റെ ഭാഗത്ത് ഗുരുതരമായ ജാഗ്രതക്കുറവുണ്ടായെന്ന വിലയിരുത്തലിനെത്തുടർന്ന് ഉത്തരമേഖലാ ഡി.ഐ.ജിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് റൂറൽ എസ്.പി ഉടൻ പുറപ്പെടുവിക്കും.
മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള മുന്നണി കക്ഷികളും വിവിധ സാമുദായിക സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി വേഗത്തിലായത്. കഴിഞ്ഞ ദിവസമായിരുന്നു മാടാക്കര പള്ളിയിൽ മഹല്ല് കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ രൂക്ഷമായ സംഘർഷമുണ്ടായത്. സംഘർഷം നിയന്ത്രിക്കാനെന്ന പേരിൽ പോലീസ് ബൂട്ടിട്ട് പള്ളിക്കുള്ളിൽ കയറി ലാത്തിവീശുകയായിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട് വർഷങ്ങളായി തർക്കങ്ങൾ നിലനിന്നിരുന്നുവെങ്കിലും പോലീസിന്റെ അവിവേകപരമായ നടപടിക്കെതിരെ വലിയ ജനരോഷമാണ് ഉയർന്നത്. സംഭവത്തിൽ മുസ്‌ലിം ലീഗിനെതിരെ വിമർശനവുമായി സി.പി.ഐ.എമ്മും രംഗത്തെത്തിയിരുന്നു.
നിലവിലെ ഖത്തീബ് തന്നെ വെള്ളിയാഴ്ചത്തെ ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകണമെന്ന് അടുത്തിടെ പാണക്കാട് നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ തീരുമാനിച്ചിരുന്നു. എന്നാൽ നബിദിനവുമായി ബന്ധപ്പെട്ട് ഖത്തീബിന്റെ നേതൃത്വത്തിൽ മൗലിദ് പാരായണം നടത്തിയതിനെച്ചൊല്ലി എതിർവിഭാഗം ഔദ്യോഗിക കമ്മിറ്റിക്കെതിരെ തിരിയുകയും ഇത് വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിക്കുകയുമായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് അന്ന് ഉച്ചയ്ക്ക് ചോമ്പാല സ്റ്റേഷനിൽ വെച്ച് ഇരുവിഭാഗം ഭാരവാഹികളെയും വിളിച്ച് ചർച്ച നടത്തിയിരുന്നുവെങ്കിലും രാത്രിയോടെ സാഹചര്യം വഷളായി. തുടർന്ന് മഹല്ല് കമ്മിറ്റി വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പള്ളിക്കുള്ളിൽ കടന്ന് ലാത്തി വീശുകയായിരുന്നു. പോലീസിനെ പള്ളിക്കകത്ത് പ്രവേശിപ്പിച്ചതിനെതിരെ വിമത വിഭാഗവും ശക്തമായി രംഗത്തുണ്ട്.





