തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള മുന്നണിയിലെ തർക്കങ്ങൾക്കിടെ ഡിവൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജിന് ശക്തമായ മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എ.ഐ.എസ്.എഫ് നേതാവ് ടി.ടി. ജിസ്മോന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ എം. വിജിൻ എഴുതിയ കമന്റിനെ പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സി.പി.ഐയും സി.പി.ഐ.എമ്മും തമ്മിലുള്ള ആഴത്തിലുള്ള രാഷ്ട്രീയ ബന്ധം എന്താണെന്ന് മനസ്സിലാക്കാത്തവരാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.
ആ രാഷ്ട്രീയത്തിന്റെ അന്തസ്സത്ത സി.പി.ഐക്ക് കൃത്യമായി അറിയാമെന്നും സംസാരത്തിൽ പാലിക്കേണ്ട മിതത്വം എന്തെന്ന് സംഘടനയ്ക്ക് പൂർണ്ണ ബോധ്യമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സമകാലിക ഭാരതത്തിൽ കൃത്യമായ ദിശാബോധവും ഹൃദയബന്ധവുമുള്ള ഇടതുപക്ഷ ഐക്യമാണ് അനിവാര്യമായിട്ടുള്ളത്. ആ ഐക്യത്തിൽ ഏറ്റവും സുപ്രധാന ഘടകമാണ് സി.പി.ഐ.എം - സി.പി.ഐ കൂട്ടുകെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്കാര്യം സി.പി.ഐക്ക് വ്യക്തമായി അറിയാമെന്ന് പറഞ്ഞതല്ലാതെ കൂടുതൽ വാദപ്രതിവാദങ്ങൾക്ക് അദ്ദേഹം മുതിർന്നില്ല.
പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള സി.പി.ഐ.എം - സി.പി.ഐ ഭിന്നതയിലേക്ക് യുവജന സംഘടനകൾ കൂടി പങ്കുചേർന്നതോടെ വിഷയം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹനൻ സി.പി.ഐക്കെതിരെ നടത്തിയ പരാമർശങ്ങൾക്ക് എ.ഐ.വൈ.എഫ് സെക്രട്ടറി ടി.ടി. ജിസ്മോൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ഈ കുറിപ്പിലാണ് നേട്ടങ്ങൾക്കൊപ്പം പരാജയങ്ങളും നഷ്ടങ്ങളും ഒരുപോലെ പങ്കുവെക്കാൻ തയ്യാറാകണമെന്ന് ചൂണ്ടിക്കാട്ടി എം. വിജിൻ കമന്റ് രേഖപ്പെടുത്തിയത്. പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിൽക്കാത്തവൻ യഥാർത്ഥ സുഹൃത്തല്ലെന്ന് 'മല്ലനും മാദേവനും' കഥ ഉദ്ധരിച്ചായിരുന്നു വിജിന്റെ വിമർശനം. തുടർന്ന് ഈ അഭിപ്രായം വിജിൻ സ്വന്തം പ്രൊഫൈലിൽ പോസ്റ്റായി പങ്കുവെക്കുകയും ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം അത് റീ-ഷെയർ ചെയ്യുകയും ചെയ്തിരുന്നു.





