മലപ്പുറം: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്ന് മലപ്പുറത്ത് ഓട്ടോറിക്ഷാ തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗതാഗത കമ്മീഷണർ മന്ത്രിക്ക് റിപ്പോർട്ട് കൈമാറി. വാഹനത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച കാരണമാണ് ഫിറ്റ്നസ് നൽകാതിരുന്നതെന്നാണ് റിപ്പോർട്ടിലെ പ്രധാന വിശദീകരണം. വാഹനത്തിൽ വരുത്തിയ ചട്ടവിരുദ്ധമായ മാറ്റങ്ങൾ നീക്കം ചെയ്യാൻ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നിർദ്ദേശം നൽകിയിരുന്നതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
2025 നവംബർ മാസത്തിന് ശേഷം വാഹനം ഫിറ്റ്നസ് പരിശോധനയ്ക്ക് എത്തിച്ചിട്ടില്ലെന്ന് കമ്മീഷണർ വ്യക്തമാക്കുന്നു. 2025 നവംബർ 11-ന് നടന്ന പരിശോധനയിൽ കണ്ടെത്തിയ ന്യൂനതകൾ പരിഹരിച്ച് വീണ്ടും ആർ.ടി ഓഫീസിൽ ഹാജരാക്കിയിരുന്നില്ല. മോട്ടോർ വാഹന വകുപ്പ് ജീവനക്കാർക്കും ഏജന്റുമാർക്കുമെതിരെ ഉയർന്ന ആരോപണങ്ങളിൽ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ, വീഡിയോയിൽ കാണുന്ന എ.എം.വി.ഐ പ്രേംകുമാറിനെ 2026 മാർച്ച് 16-ന് രാമനാട്ടുകര സബ് ആർ.ടി.ഒ ഓഫീസിലേക്ക് സ്ഥലം മാറ്റിയിരുന്നു. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നും അന്വേഷണം നടക്കുന്നുണ്ടെന്നും, മുൻപ് ഷൗക്കത്ത് ആർ.ടി ഓഫീസിലടക്കം ഔദ്യോഗികമായി മറ്റ് പരാതികളൊന്നും സമർപ്പിച്ചിരുന്നില്ലെന്നും കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു.
മോട്ടോർ വാഹന വകുപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച ശേഷമായിരുന്നു മലപ്പുറം കീഴശ്ശേരി മുണ്ടംപറമ്പ് സ്വദേശിയായ ഷൗക്കത്ത് ജീവനൊടുക്കിയത്. ഇടനിലക്കാരെ ഒഴിവാക്കി ഫിറ്റ്നസിനായി നേരിട്ട് സമീപിച്ചപ്പോൾ ഉദ്യോഗസ്ഥർ നിരന്തരം സർട്ടിഫിക്കറ്റ് നിഷേധിച്ചുവെന്ന് ആരോപിച്ച ഷൗക്കത്ത്, തന്റെ മരണത്തിന് കാരണം എം.വി.ഡി ആണെന്ന് ഫേസ്ബുക്കിൽ കുറിച്ച ശേഷമാണ് ആത്മഹത്യ ചെയ്തത്.





