തിരുവനന്തപുരം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്ന് മലപ്പുറത്ത് ഓട്ടോ തൊഴിലാളി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി സി.പി. ജോൺ രംഗത്ത്. ഷൗക്കത്തിന്റെ വിയോഗം കടുത്ത വേദനയുണ്ടാക്കുന്ന ഒന്നാണെന്ന് വ്യക്തമാക്കിയ മന്ത്രി, വിഷയത്തിൽ ഗതാഗത സെക്രട്ടറി ടി.വി. അനുപമ അന്വേഷണം നടത്തുമെന്നും രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു.
മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് സമഗ്രമായി പരിശോധിക്കുമെന്നും അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മരണത്തിന് മുൻപ് ഷൗക്കത്ത് പങ്കുവെച്ച വീഡിയോ ദൃശ്യങ്ങളും ഫേസ്ബുക്ക് കുറിപ്പും വിശദമായി പരിശോധിക്കും. അതേസമയം, വാഹനത്തിൽ വരുത്തിയ ചട്ടവിരുദ്ധമായ മാറ്റങ്ങളാണ് ഫിറ്റ്നസ് നിരസിക്കാൻ കാരണമായതെന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ പ്രാഥമിക നിഗമനമെന്നും മന്ത്രി പറഞ്ഞു.





