കൊച്ചി: പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹനൻ നടത്തിയ പ്രസ്താവനകൾ തികച്ചും അപക്വവും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്ന് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി എൻ. അരുൺ. ചരിത്രത്തെ വളച്ചൊടിക്കുന്ന ഇത്തരം അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതിന് മുൻപ് കാര്യങ്ങൾ കൃത്യമായി പഠിക്കാൻ സി.എൻ. മോഹനൻ തയ്യാറാകണമെന്ന് അരുൺ തുറന്നടിച്ചു.
കഴിഞ്ഞ രണ്ട് ടേമുകളിലെ കാര്യങ്ങൾ മാത്രം ചൂണ്ടിക്കാട്ടി കീഴ്‌വഴക്കമെന്ന് വാദിക്കുന്നത് ശരിയല്ലെന്നും നേതൃതലത്തിൽ കൂടിയാലോചിച്ചാണ് സി.പി.ഐ ഈ അവകാശവാദം മുന്നോട്ടുവെച്ചതെന്നും അരുൺ വ്യക്തമാക്കി. സി.പി.ഐക്ക് അയ്യായിരം വോട്ട് പോലുമില്ലെന്ന തരത്തിലുള്ള വിലകുറഞ്ഞ പരാമർശങ്ങൾ പൊതുസമൂഹം പുച്ഛിച്ചുതള്ളും. സി.പി.ഐയുടെ പ്രസക്തി സി.പി.ഐ.എം നേതൃത്വത്തിന് നന്നായി അറിയാമെന്നും ചരിത്രം പരിശോധിച്ച ശേഷമേ മോഹനൻ പ്രതികരിക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, പ്രതിപക്ഷ ഉപനേതൃസ്ഥാനം എക്കാലത്തും സി.പി.ഐ.എം വഹിച്ചിരുന്ന ഒന്നാണെന്നും പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് സി.പി.ഐ ശ്രമിക്കുന്നതെന്നും സി.എൻ. മോഹനൻ ആരോപിച്ചിരുന്നു. പി.എം. ശ്രീ സ്കൂൾ വിഷയത്തിൽ അനാവശ്യ വിവാദങ്ങളുണ്ടാക്കി ഇടതു സർക്കാരിനെ പൊതുജനമധ്യത്തിൽ താറടിച്ചതിൽ സി.പി.ഐക്ക് പ്രധാന പങ്കുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. വിഷയത്തിൽ സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയെ പരോക്ഷമായി ലക്ഷ്യമിട്ട്, സംസ്ഥാനത്തെ നിസ്സാര പ്രശ്നങ്ങളിൽ അഖിലേന്ത്യാ നേതാക്കൾ വാളെടുക്കേണ്ടതില്ലെന്നും സി.പി.ഐക്ക് അയ്യായിരത്തിലധികം വോട്ടുള്ള എത്ര മണ്ഡലങ്ങളുണ്ടെന്ന് വ്യക്തമാക്കണമെന്നും മോഹനൻ പരിഹസിച്ചിരുന്നു. മുന്നണി മര്യാദ കാത്തുസൂക്ഷിച്ചില്ലെങ്കിൽ യാഥാർത്ഥ്യങ്ങൾ തുറന്നുപറയുമെന്നും ഭരണം നഷ്ടപ്പെട്ടപ്പോൾ സി.പി.ഐ പിന്നിൽനിന്ന് കുത്തുകയാണെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
നിയമസഭയിലെ കീഴ്‌വഴക്കങ്ങൾ ലംഘിച്ചുകൊണ്ട് പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെടുകയും മുന്നണിയിൽ സമ്മർദ്ദതന്ത്രം പയറ്റുകയുമാണ് സി.പി.ഐ ചെയ്യുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയും മോഹനൻ വിമർശിച്ചിരുന്നു. ഇടതുപക്ഷ ഐക്യം നിലനിർത്താൻ സി.പി.ഐ.എം മാത്രം വിട്ടുവീഴ്ച ചെയ്യണമെന്ന നിലപാടാണ് അവരുടേതെന്നും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പി.എം. ശ്രീയെ അവർ വിപ്ലവായുധമാക്കിയെന്നും മോഹനൻ ആക്ഷേപിച്ചിരുന്നു.





