Malayali Media
Kerala

മെസ്സിയെ എത്തിക്കാമെന്ന പേരിലുള്ള സാമ്പത്തിക തട്ടിപ്പ്: ഫെമ ചട്ടലംഘനത്തിൽ കേസെടുത്ത് ഇ.ഡി; വിദേശ പണമിടപാടുകളിൽ വിശദമായ അന്വേഷണം

28 Aug 20264 views 3 min read
മെസ്സിയെ എത്തിക്കാമെന്ന പേരിലുള്ള സാമ്പത്തിക തട്ടിപ്പ്: ഫെമ ചട്ടലംഘനത്തിൽ കേസെടുത്ത് ഇ.ഡി; വിദേശ പണമിടപാടുകളിൽ വിശദമായ അന്വേഷണം
Advertisement

കൊച്ചി: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരുമെന്ന് വാഗ്ദാനം നൽകി നടത്തിയ സാമ്പത്തിക തട്ടിപ്പിൽ വിദേശ നാണ്യ വിനിമയ ചട്ടലംഘനത്തിന് (FEMA) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്തു. രാജ്യത്തിന് പുറത്തേക്ക് അനധികൃതമായി വൻതുക കൈമാറിയതുമായി ബന്ധപ്പെട്ട നടപടികളിലാണ് കേന്ദ്ര ഏജൻസി അന്വേഷണം ആരംഭിച്ചത്. വിദേശത്തേക്ക് പണമയച്ചതിന്റെ ഇടപാട് രേഖകൾ, സ്പോൺസർ അവകാശപ്പെടുന്ന കരാർ വിവരങ്ങൾ എന്നിവ ഇതിനകം ഇ.ഡി ഉദ്യോഗസ്ഥർ ശേഖരിച്ചു കഴിഞ്ഞു.

അർജന്റീന ഫുട്ബോൾ അസോസിയേഷന് 126 കോടി രൂപ കൈമാറിയിട്ടുണ്ടെന്നാണ് സ്പോൺസറായ റിപ്പോർട്ട് ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ വാദം. ഈ വൻ തുക വിദേശത്തേക്ക് അയച്ചതിൽ ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മെന്റ് ആക്ട് ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്. സാമ്പത്തിക ഇടപാടുകളുടെ യഥാർത്ഥ ഉറവിടം, പണം കൈപ്പറ്റിയവർ, ഇടപാടുകളുടെ സ്വഭാവം എന്നിവ വിശദമായി വിലയിരുത്തും. ചട്ടലംഘനം സ്ഥിരീകരിച്ചാൽ കനത്ത പിഴയീടാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികളിലേക്ക് ഇ.ഡി നീങ്ങും.

ഈ 126 കോടി രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന ജി.എസ്.ടി വകുപ്പും സമാന്തരമായി പരിശോധന നടത്തുന്നുണ്ട്. വിജിലൻസോ മറ്റ് അന്വേഷണ ഏജൻസികളോ വിഷയത്തിൽ കേസ് എടുത്താൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (PMLA) തുടർ അന്വേഷണത്തിലേക്ക് കടക്കാൻ ഇ.ഡിക്ക് സാധിക്കും. അതിനിടെ, മെസ്സിയുടെ പേരിലുള്ള തട്ടിപ്പിൽ നികുതി വെട്ടിപ്പ് പരിശോധിച്ച ജി.എസ്.ടിയുടെ പ്രത്യേക അന്വേഷണ സംഘം (SIT) തങ്ങളുടെ പ്രാഥമിക റിപ്പോർട്ട് ജി.എസ്.ടി കമ്മീഷണർക്ക് സമർപ്പിച്ചു. ഈ റിപ്പോർട്ട് ഉടൻ സംസ്ഥാന സർക്കാരിന് കൈമാറും. ജി.എസ്.ടി അന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലുകളെത്തുടർന്ന് മൂന്ന് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞദിവസം ചാർജ് മെമ്മോ നൽകിയിരുന്നു.

Tags:#argentina team scam
Advertisement

Comments

Add a Comment

Our Channels

മെസ്സിയെ എത്തിക്കാമെന്ന പേരിലുള്ള സാമ്പത്തിക തട്ടിപ്പ്: ഫെമ ചട്ടലംഘനത്തിൽ കേസെടുത്ത് ഇ.ഡി; വിദേശ പണമിടപാടുകളിൽ വിശദമായ അന്വേഷണം | Malayali Media