കോഴിക്കോട്: താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന വിവാദ അറവുമാലിന്യ സംസ്കരണ കേന്ദ്രമായ 'ഫ്രഷ് കട്ട്' അടച്ചുപൂട്ടാൻ സമരസമിതി ഭാരവാഹികളും കമ്പനി മാനേജ്‌മെന്റും തമ്മിൽ ഔദ്യോഗികമായി കരാർ ഒപ്പുവെച്ചു. കൊടുവള്ളി എം.എൽ.എ പി.കെ. ഫിറോസിന്റെ നേതൃത്വത്തിൽ നടത്തിയ നിരന്തര മധ്യസ്ഥ ചർച്ചകൾക്കൊടുവിലാണ് പ്ലാന്റ് പൂട്ടാൻ തീരുമാനമായത്. ധാരണപ്രകാരം 2027 മാർച്ച് 31 വരെ മാത്രമേ ഈ സ്ഥാപനം താമരശ്ശേരിയിൽ തുടരുകയുള്ളൂ; അതിനുശേഷം പ്ലാന്റ് മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കും.
ഇതോടെ പ്രദേശവാസികൾ വർഷങ്ങളായി നേരിട്ടിരുന്ന അതിരൂക്ഷമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്കാണ് ശാശ്വത പരിഹാരമാകുന്നത്. 2026 ഓഗസ്റ്റ് 8-ന് താമരശ്ശേരി പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ എം.എൽ.എമാരായ പി.കെ. ഫിറോസ്, സി.കെ. കാസിം, എം.എ. റസാഖ് മാസ്റ്റർ, മുൻ മന്ത്രി ഡോ. എം.കെ. മുനീർ എന്നിവരും സമരസമിതി-ഫ്രഷ് കട്ട് പ്രതിനിധികളും ചേർന്ന് പ്രാഥമിക ചർച്ച നടത്തിയിരുന്നു. തുടർന്ന് ഓഗസ്റ്റ് 19-ന് തിരുവനന്തപുരത്ത് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിൽ ജനപ്രതിനിധികൾ നടത്തിയ തുടർചർച്ചയിലാണ് അന്തിമ ഒത്തുതീർപ്പിലെത്തിയത്.
തീരുമാനപ്രകാരം 2027 മാർച്ച് 31-നകം ഇപ്പോൾ പ്രവർത്തിക്കുന്ന പ്ലാന്റ് പൂർണ്ണമായി പൊളിച്ചുമാറ്റും (ഡിസ്മാന്റിൽ ചെയ്യും). പുതിയ പ്ലാന്റ് സജ്ജമാകുന്നതുവരെ 2026 ഓഗസ്റ്റ് 27 മുതൽ ഇവിടെ താൽക്കാലികമായി പ്രവർത്തനം പുനരാരംഭിക്കാൻ അനുമതിയുണ്ട്. എന്നാൽ ഈ കാലയളവിൽ ഒരു ദിവസം പരമാവധി 25 ടൺ മാലിന്യം മാത്രമേ സംസ്കരിക്കാൻ പാടുള്ളൂ എന്ന കർശന വ്യവസ്ഥയും കരാറിലുണ്ട്.





