മലപ്പുറം: സി.പി.ഐ.എം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത് വിഷയത്തിലെ യഥാർത്ഥ വസ്തുതകൾ ജനങ്ങളിലേക്ക് എത്തിക്കാനാണെന്ന് വ്യക്തമാക്കി വഖഫ് ബോർഡ് അംഗം ഉമർ ഫൈസി മുക്കം. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വഖഫ് ബോർഡ് പ്രതിനിധി എന്ന നിലയിൽ കാര്യങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ വിശദീകരിക്കേണ്ടത് ഉത്തരവാദിത്തമാണെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
ഷോൺ ജോർജ് നൽകിയ ഹർജി ശരിവെച്ച് വഖഫ് ബോർഡിലേക്ക് രണ്ട് അമുസ്‌ലിം പ്രതിനിധികളെ ഉൾപ്പെടുത്താനുള്ള സാധ്യതയാണ് സർക്കാർ മുന്നോട്ടുവെച്ചതെന്ന് ഉമർ ഫൈസി ചൂണ്ടിക്കാട്ടി. ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകൻ ആർ.എസ്.എസിന് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. അമുസ്‌ലിം പ്രാതിനിധ്യത്തിലൂടെ ആർ.എസ്.എസുകാർ വഖഫ് ബോർഡിലേക്ക് എത്തിയേക്കാമെന്നാണ് താൻ ചൂണ്ടിക്കാണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മുനമ്പം പ്രശ്നം ഉയർത്തിക്കാട്ടി വഖഫ് ബോർഡ് പിരിച്ചുവിടാനാണ് സർക്കാർ നീക്കം. ഭൂമി കൈവശം വെച്ചിരിക്കുന്നവരെ ഒഴിപ്പിക്കില്ലെന്ന് മുഖ്യമന്ത്രിയും പി.കെ. കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കുമ്പോഴും, ആർ.എസ്.എസിന്റെയും കാസയുടെയും വാദങ്ങൾ പൂർണ്ണമായി അംഗീകരിച്ചുകൊണ്ടാണ് സർക്കാർ ഹൈക്കോടതിയിൽ സ്റ്റേറ്റ്‌മെന്റ് നൽകിയത്. അന്ന് ഈ നീക്കങ്ങൾക്കെതിരെ നിശ്ശബ്ദത പാലിച്ചവരാണ് ഇപ്പോൾ തനിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
സി.പി.ഐ.എം വേദിയിലെത്തി യു.ഡി.എഫ് സർക്കാരിനെയും ലീഗിനെയും കടന്നാക്രമിച്ച ഉമർ ഫൈസിയുടെ നിലപാടിനെതിരെ സമസ്ത, മുസ്‌ലിം ലീഗ് നേതൃത്വങ്ങൾ രംഗത്തെത്തിയിരുന്നു. സമസ്തയെ അപകീർത്തിപ്പെടുത്താനാണ് ഉമർ ഫൈസി കാരണമാകുന്നതെന്ന് നാസർ ഫൈസി കൂടത്തായി കുറ്റപ്പെടുത്തി. സ്വന്തം സംഘടനാ വേദിയിൽ മുസ്‌ലിംകൾക്ക് സഖാവാകാൻ സാധിക്കില്ലെന്ന് പറയുന്നയാൾ സി.പി.ഐ.എം വേദിയിൽ സ്വയം സഖാവായി അവതരിപ്പിക്കുകയാണെന്നും സമസ്ത നേതൃത്വം ഇത് ചർച്ച ചെയ്യണമെന്നും നാസർ ഫൈസി ആവശ്യപ്പെട്ടു. വിഷയത്തിൽ സമസ്തയുടെ യുവജന സംഘടനകളും നേതൃത്വത്തിന് കത്ത് കൈമാറിയിട്ടുണ്ട്.
ഉമർ ഫൈസിക്കെതിരെ രൂക്ഷമായ വിമർശനവുമായി മുസ്‌ലിം ലീഗും നിലയുറപ്പിച്ചു. സമുദായത്തെ നയിക്കേണ്ട പണ്ഡിതന്മാർ വ്യക്തിതാൽപര്യങ്ങൾക്കായി വഴങ്ങുന്നത് മാപ്പർഹിക്കാത്ത വഞ്ചനയാണെന്നും രാഷ്ട്രീയ പാർട്ടികളുടെ കോളാമ്പിയായി ഉമർ ഫൈസി മാറിയെന്നും എം.എസ്.എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. നജാഫ് ഫേസ്ബുക്കിൽ കുറിച്ചു. മലപ്പുറത്ത് സർക്കാരിനെതിരെ സി.പി.ഐ.എം നടത്തിയ പരിപാടിയിലാണ് ഉമർ ഫൈസി ഈ വിവാദ പ്രസംഗം നടത്തിയത്. അമുസ്‌ലിം പ്രതിനിധികളില്ലാത്തതിനാൽ ബോർഡ് അസാധുവാണെന്നും പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ഷോൺ ജോർജ് നൽകിയ ഹർജിയിൽ, ലീഗിന്റെ കീഴിലുള്ള വകുപ്പിന്റെ അഭിഭാഷകൻ ആർ.എസ്.എസുകാരെ ഉൾപ്പെടുത്തി പരിഹരിക്കാമെന്ന നിലപാടാണ് കോടതിയിൽ അറിയിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.





