കൊച്ചി: സുകുമാരക്കുറുപ്പിന് സമാനമായ രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന പുതിയ വിവരങ്ങളോട് പ്രതികരിച്ച് കൊല്ലപ്പെട്ട ചാക്കോയുടെ മകൻ ജിതിൻ. പുറത്തുവന്ന വാർത്തകൾ തനിക്ക് പ്രതീക്ഷ നൽകുന്നതാണെന്നും തന്റെ പിതാവിനെ കൊലപ്പെടുത്തിയ പ്രതിയെ നിയമത്തിനു മുന്നിൽ ഹാജരാക്കി പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നാണ് ആഗ്രഹമെന്നും ജിതിൻ വ്യക്തമാക്കി. കണ്ടെത്തിയിരിക്കുന്നത് സുകുമാരക്കുറുപ്പിനെത്തന്നെയാണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ അന്വേഷണ സംഘം അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഏതൊരു മകനെയും പോലെ തന്റെ അപ്പന്റെ ഘാതകന് അർഹിക്കുന്ന ശിക്ഷ വാങ്ങി നൽകണമെന്നാണ് തന്റെയും ആഗ്രഹമെന്ന് ജിതിൻ പറഞ്ഞു. കഴിഞ്ഞ 42 വർഷത്തിനിടെ പല കഥകൾ കേട്ടതല്ലാതെ വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. മുൻപും സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ലെന്നും ഇത്തവണ അങ്ങനെയല്ലാതെ ഇരിക്കട്ടെ എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ പുറത്തുവന്ന വിവരങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ തങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വിവരങ്ങൾ അറിഞ്ഞതെന്നും ജിതിൻ വ്യക്തമാക്കി. പ്രതിയെ പിടികൂടാൻ സാധിക്കുമെന്ന പ്രതീക്ഷ പുതിയ വാർത്തകൾ നൽകുന്നുണ്ട്. പിതാവിനെ കൊലപ്പെടുത്തുന്നതിന് മുൻപും സുകുമാരക്കുറുപ്പ് ക്രിമിനൽ പശ്ചാത്തലമുള്ളയാളായതിനാൽ ആൾമാറാട്ടം നടത്തി കഴിയുന്നതിൽ അസ്വാഭാവികതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചാക്കോ വധക്കേസ് പ്രതി സുകുമാരക്കുറുപ്പിനോട് സാദൃശ്യമുള്ളയാളെ ബ്രൂണൈയിൽ കണ്ടെത്തിയെന്ന വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. ഇയാളെക്കുറിച്ച് സമഗ്രമായ വിവരങ്ങൾ ശേഖരിക്കാൻ ക്രൈംബ്രാഞ്ച് ഇന്റർപോളിന്റെ സഹായം തേടാൻ തയ്യാറെടുക്കുകയാണ്. ഒരു സൈബർ വിദഗ്ധനാണ് ഈ വയോധികന്റെ ചിത്രം പുറത്തുവിട്ടത്. ബ്രൂണൈയിൽ ബിസിനസ് നടത്തുന്ന ഈ വ്യക്തി വ്യാജ രേഖകൾ ചമച്ചാണ് പാസ്‌പോർട്ട് സംഘടിപ്പിച്ചതെന്നും സൈബർ വിദഗ്ധൻ സ്ഥിരീകരിക്കുന്നുണ്ട്.





