തിരൂർ: തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിനി അനഘ നേരിട്ട ജാതി അധിക്ഷേപവുമായി ബന്ധപ്പെട്ട സമരം ഒത്തുതീർപ്പായെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വാസ്തവവിരുദ്ധമാണെന്ന് സമരസമിതി വ്യക്തമാക്കി. കഴിഞ്ഞദിവസം പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി തുളസി അനഘയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാരിൽ നിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും വിദ്യാർത്ഥിനി മന്ത്രിയെ അറിയിച്ചു. വിദ്യാഭ്യാസ അവകാശ നിഷേധത്തിനും ജാതി വിവേചനത്തിനുമെതിരായ സമരം പതിനാലാം ദിവസത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
അനഘയുടെ പ്രധാന ആവശ്യങ്ങളിലൊന്നായ വാർഷിക ഗവേഷണ പുരോഗതി റിപ്പോർട്ട് സർവകലാശാല നൽകിയതോടെ സമരം നിർത്തിയെന്നായിരുന്നു പ്രചാരണം. ഇത് വിവിധ സംഘടനകളുടെ ഐക്യദാർഢ്യ പ്രവർത്തനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിച്ചിരുന്നു. ഈ വ്യാജവാർത്ത മന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിലുമെത്തിയതോടെയാണ് അനഘ നേരിട്ട് വിളിച്ച് നിജസ്ഥിതി വ്യക്തമാക്കിയതെന്നും പ്രക്ഷോഭം തുടരുകയാണെന്നും സമരസമിതി അറിയിച്ചു.
പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ള സർവകലാശാല അധ്യാപകരായ ഡോ. അരുൺ ബാബു, ഡോ. ജൈനി വർഗീസ് എന്നിവരെ അറസ്റ്റ് ചെയ്യുക, ഡോക്ടറൽ കമ്മിറ്റി അടിയന്തരമായി വിളിച്ചുചേർക്കുക, ലാബ് അടക്കമുള്ള ഗവേഷണ സൗകര്യങ്ങൾ ലഭ്യമാക്കുക, വിഷയങ്ങളിൽ സർക്കാരിന്റെ രേഖാമൂലമുള്ള ഉറപ്പ് നൽകുക എന്നിവയാണ് അനഘ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങൾ. ഇതിൽ ഫെല്ലോഷിപ്പ് പുതുക്കാൻ സഹായിക്കുന്ന വാർഷിക ഗവേഷണ പുരോഗതി റിപ്പോർട്ട് മാത്രമാണ് നിലവിൽ സർവകലാശാല നൽകിയത്. ബാക്കി ആവശ്യങ്ങളിൽ സർക്കാരിന്റെ രേഖാമൂലമുള്ള ഉറപ്പ് ഉൾപ്പെടെയുള്ളവ ഇതുവരെ പരിഗണിച്ചിട്ടില്ല. സമരം കൂടുതൽ വ്യാപിപ്പിക്കുന്നതിനായി ഓഗസ്റ്റ് 31-നകം തിരൂരിൽ ഐക്യദാർഢ്യ-സഹായ സമിതി രൂപീകരണ യോഗം ചേരാനും സമരസമിതി തീരുമാനിച്ചു.





