കോട്ടയം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള തർക്കത്തിൽ പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനവുമായി എ.ഐ.വൈ.എഫ് രംഗത്ത്. പ്രതിപക്ഷ നേതാവ് ഒരു കത്തുനൽകിയാൽ കാര്യങ്ങൾ അവസാനിക്കുമെന്ന ചിന്ത ഏകാധിപത്യ ശൈലിയാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ടി.ടി. ജിസ്മോൻ പ്രതികരിച്ചു. മുന്നണി ജനാധിപത്യപരമായാണ് മുന്നോട്ടുപോകേണ്ടതെന്നും തിരഞ്ഞെടുപ്പ് ഫലങ്ങൾ ഓർമ്മിപ്പിക്കുന്നത് അതാണെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷം തെറ്റുകൾ തിരുത്തി സ്വയം നവീകരിക്കപ്പെടേണ്ടതുണ്ട്. പ്രധാന പദവികളെല്ലാം സി.പി.ഐ.എം കൈവശം വെക്കുന്ന പശ്ചാത്തലത്തിൽ സി.പി.ഐ ഉന്നയിക്കുന്നത് ഒരിക്കലും അമിതമായ അവകാശവാദമല്ല. വി.എസ്. അച്യുതാനന്ദന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണനെ ഉപനേതാവാക്കിയത് സി.പി.ഐ.എമ്മിന്റെ ഏകപക്ഷീയമായ തീരുമാനമായിരുന്നു. മുന്നണി യോഗങ്ങളിൽ ഒരിക്കലും ഉപനേതൃപദവി സി.പി.ഐ.എമ്മിന് മാത്രമായി തീരുമാനിച്ചിട്ടില്ലെന്നും സാങ്കേതിക ന്യായങ്ങൾ നിരത്തി സി.പി.ഐയെ തഴയുന്നത് ശരിയല്ലെന്നും ജിസ്മോൻ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സി.പി.ഐ.എമ്മിന് തന്നെയായിരിക്കുമെന്നും താൻ നൽകുന്ന കത്തിൽ സി.പി.ഐ.എം നേതാവിന്റെ പേരുണ്ടാകുമെന്നും പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഡിവൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജിന്റെ പ്രസ്താവനകൾക്കും ജിസ്മോൻ മറുപടി നൽകി. മുന്നണിയിൽ ജനാധിപത്യപരമായി ചർച്ച ചെയ്യേണ്ട ന്യായമായ ആവശ്യമാണ് സി.പി.ഐ ഉന്നയിച്ചതെന്നും അതിൽ ഡിവൈ.എഫ്.ഐ സെക്രട്ടറി അസ്വസ്ഥനാകേണ്ടതില്ലെന്നും അദ്ദേഹം വിമർശിച്ചു. ഏകപക്ഷീയ തീരുമാനങ്ങൾ കൈക്കൊണ്ട ശേഷം മറ്റുള്ളവർ സമ്മർദ്ദം ചെലുത്തുന്നുവെന്ന് വരുത്തിത്തീർക്കുന്നത് ശരിയല്ല. ഇടതുപക്ഷം നേരിടുന്ന തിരിച്ചടികളിൽ എല്ലാവർക്കും കൂട്ടുത്തരവാദിത്തമുണ്ട്. അവിടെ സി.പി.ഐയുടെ വോട്ടുകൾ മാത്രം കണക്കാക്കുകയല്ല വേണ്ടത്. കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ സി.പി.ഐയും ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. സി.എൻ. മോഹനൻ നടത്തിയ മോശം പരാമർശങ്ങൾക്ക് ഡിവൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി മറുപടി നൽകുന്ന സാഹചര്യമാണുള്ളതെന്നും ഇരുവരുടെയും നിലപാടുകൾ ഇടതുമുന്നണിയുടെ പൊതുവികാരമല്ലെന്നും ജിസ്മോൻ വ്യക്തമാക്കി.
നേട്ടം മാത്രമല്ല, നഷ്ടങ്ങളും പങ്കുവെക്കാൻ തയ്യാറാകണമെന്ന് ചൂണ്ടിക്കാട്ടി എം. വിജിൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ആപത്തിൽ തുണയാകാത്തവൻ സുഹൃത്തല്ലെന്ന് 'മല്ലനും മാദേവനും' കഥ ഉദ്ധരിച്ചായിരുന്നു വിജിന്റെ പ്രതികരണം. ഈ കുറിപ്പ് ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമും പങ്കുവെച്ചിരുന്നു.





