തിരുവനന്തപുരം: തെരുവ് നായ്ക്കൾക്ക് ദയാവധം നടപ്പാക്കുന്നത് സംബന്ധിച്ച സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ചു. സുഖപ്പെടുത്താനാവാത്ത രോഗങ്ങൾ ബാധിച്ചവ, ജീവൻ നിലനിർത്താൻ സാധിക്കാത്തവിധം ഗുരുതരമായി പരിക്കേറ്റവ, പേവിഷബാധ സ്ഥിരീകരിച്ചവ, അതീവ അക്രമകാരികളായവ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന തെരുവ് നായ്ക്കളെ ദയാവധത്തിന് വിധേയമാക്കാമെന്ന് മാർഗ്ഗരേഖയിൽ വ്യക്തമാക്കുന്നു.
22/08/2026-ലെ 116/2026/LSGD നമ്പർ സർക്കാർ ഉത്തരവ് പ്രകാരമാണ് ഇതിനുള്ള വ്യവസ്ഥകൾ നിശ്ചയിച്ചിട്ടുള്ളത്. യന്ത്രങ്ങളുപയോഗിച്ചോ, വിഷം നൽകിയോ, വെടിവെച്ചോ നായ്ക്കളെ കൊല്ലാൻ പാടില്ല. പകരം ഞരമ്പുകളിലേക്ക് നിശ്ചിത മരുന്ന് കുത്തിവെയ്ക്കുന്ന രീതി മാത്രമേ സ്വീകരിക്കാവൂ എന്നും ഇത് അംഗീകൃത വെറ്ററിനറി സർജൻ നേരിട്ട് നിർവ്വഹിക്കണമെന്നും വ്യവസ്ഥയുണ്ട്. നടപടികൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക 'സ്ട്രേ ഡോഗ് മാനേജ്‌മെന്റ് കമ്മിറ്റികൾ' രൂപീകരിക്കും.
തദ്ദേശ സ്ഥാപന അധ്യക്ഷൻ ചെയർപേഴ്സണായും സെക്രട്ടറി കൺവീനറായും പ്രവർത്തിക്കുന്ന ഈ ഏഴംഗ സമിതിയിൽ വാർഡ് മെമ്പർ, വെറ്ററിനറി സർജൻ, മെഡിക്കൽ ഓഫീസർ, എ.ബി.സി പ്രൊജക്റ്റ് ഇൻചാർജ്, അനിമൽ വെൽഫെയർ ബോർഡ് പ്രതിനിധി എന്നിവർ അംഗങ്ങളായിരിക്കും. സമിതി യോഗം ചേരുന്നതിന് കുറഞ്ഞത് 5 പേരുടെ സാന്നിധ്യം ആവശ്യമാണ്; ഭൂരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.
പിടികൂടുന്ന ഓരോ നായയുടെയും വിവരങ്ങൾ, കണ്ടെത്തിയ സ്ഥലം, ചിത്രം, ദയാവധത്തിന് ശുപാർശ ചെയ്തതിന്റെ കൃത്യമായ കാരണം എന്നിവ രേഖപ്പെടുത്താൻ പ്രത്യേക രജിസ്റ്റർ സൂക്ഷിക്കേണ്ടതുണ്ട്. പിടികൂടുന്ന നായ്ക്കളെ രണ്ടിനും മൂന്നിനും ഇടയിൽ ദിവസങ്ങൾ ഷെൽട്ടറുകളിലോ പുനരധിവാസ കേന്ദ്രങ്ങളിലോ പാർപ്പിക്കണം. ഈ സമയപരിധിക്കുള്ളിൽ വ്യക്തികൾക്കോ സംഘടനകൾക്കോ ഇവയെ ദത്തെടുത്ത് സംരക്ഷിക്കാവുന്നതാണ്. വിവരങ്ങൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കണമെന്നും മറ്റ് നായ്ക്കളുടെ സാന്നിധ്യത്തിൽ ദയാവധം നടത്തരുതെന്നും മാർഗ്ഗനിർദ്ദേശത്തിൽ കർശനമായി ചൂണ്ടിക്കാട്ടുന്നു.





