തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവി സി.പി.ഐക്ക് അർഹതപ്പെട്ടതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. പ്രസാദ് ട്വന്റിഫോറിനോട് വ്യക്തമാക്കി. വിഷയത്തിൽ ചർച്ചകൾ നടത്താമെന്ന് ധാരണയുണ്ടായിരുന്നിട്ടും ഏകപക്ഷീയമായ പ്രസ്താവനകൾ നടത്തുന്നത് മുന്നണിയുടെ നിലനിൽപ്പിന് യോജിച്ചതല്ല. മുഖ്യമന്ത്രി സ്ഥാനം പോലും വേണ്ടെന്നുവെച്ച് മുന്നണി വിട്ടിറങ്ങിയ പാരമ്പര്യമുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് സി.പി.ഐ. മുന്നണി എന്നത് എല്ലാവരുടെയും കൂട്ടായ്മയാണെന്നും അതിനെ ശക്തിപ്പെടുത്തുന്ന നിലപാടുകളാണ് നേതാക്കളിൽ നിന്നുണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ നിർഭാഗ്യവശാൽ അത്തരം സമീപനമല്ല ഇപ്പോൾ കാണാൻ കഴിയുന്നത്. അധികാരമോഹമല്ല, മറിച്ച് വ്യക്തമായ രാഷ്ട്രീയ നിലപാടുകളാണ് സി.പി.ഐയെ നയിക്കുന്നത്. ഉപ പ്രതിപക്ഷ നേതാവ് സ്ഥാനം എന്നത് ഒരു രാഷ്ട്രീയ മാന്യതയും പരിഗണനയുമാണ്. പാർട്ടികൾ തമ്മിലുള്ള ഐക്യം നിലനിർത്തുന്ന സമീപനങ്ങളാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ ചില പ്രതികരണങ്ങൾ അതിന് വിരുദ്ധമാണ്.
പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് പകരം അനാവശ്യ വിവാദങ്ങളിലേക്ക് നീങ്ങുന്നത് മുന്നണിയുടെ ഭദ്രതയ്ക്ക് ഗുണം ചെയ്യില്ല. വിഷയത്തിൽ വിശദമായ ചർച്ച നടത്തുമെന്നായിരുന്നു എൽ.ഡി.എഫ് കൺവീനർ വ്യക്തമാക്കിയത്. എന്നാൽ ആ ധാരണയ്ക്ക് വിരുദ്ധമായി പരസ്യ പ്രസ്താവനകൾ നടത്തുന്നത് മുന്നണി മര്യാദയ്ക്ക് ചേർന്നതല്ല. പ്രസ്താവനകൾ നടത്തിയവർ മുതിർന്ന നേതാക്കളായതിനാൽ ആരെയും തിരുത്താൻ വേണ്ടിയല്ല ഇത് പറയുന്നത്; നേതാക്കൾ സ്വയം ആലോചിച്ച് ചെയ്യേണ്ട കാര്യങ്ങളാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





