കോഴിക്കോട്: ബേപ്പൂരിലെ തിരഞ്ഞെടുപ്പ് പരാജയത്തിൽ കോൺഗ്രസിനെതിരെ പി.വി. അൻവർ ആഞ്ഞടിച്ചതിന് പിന്നാലെ പ്രസംഗത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ എം.എൽ.എ. താൻ ആരെയും വ്യക്തിപരമായി ലക്ഷ്യംവെച്ച് പറഞ്ഞതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താഴെത്തട്ടിലെ പാർട്ടി പ്രവർത്തകരിൽ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രവർത്തക കൺവെൻഷനിൽ അത്തരം ഒരു പരാമർശം നടത്തിയത്.
കൈപ്പത്തിയോ ഏണിയോ പോലുള്ള ഔദ്യോഗിക മുന്നണി ചിഹ്നങ്ങളിൽ മത്സരിച്ചിരുന്നുവെങ്കിൽ സ്ഥാനാർത്ഥി ആരായാലും ജയിക്കുമായിരുന്നു എന്നാണ് താൻ അർത്ഥമാക്കിയത്. ഔദ്യോഗിക പാർട്ടി ചിഹ്നത്തിലായിരുന്നുവെങ്കിൽ പി.വി. അൻവറിനും വിജയിക്കാൻ സാധിക്കുമായിരുന്നു. അൻവറുമായി തനിക്ക് വ്യക്തിപരമായ യാതൊരു ഭിന്നതകളുമില്ലെന്നും ഇപ്പോഴും സൗഹൃദം നിലനിൽക്കുന്നുണ്ടെന്നും പറഞ്ഞ അദ്ദേഹം, അൻവറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായും കൂട്ടിച്ചേർത്തു.
ബേപ്പൂരിലെ തിരിച്ചടിക്ക് കാരണം സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചയാണെന്നായിരുന്നു പ്രവീൺ കുമാറിന്റെ പ്രസംഗം. എന്നാൽ ഈ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് പി.വി. അൻവർ കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനമുന്നയിച്ചിരുന്നു. ഒപ്പം നിർത്തിയവർ തന്നെ ചതിച്ച് പിന്നിൽ നിന്ന് കുത്തുകയായിരുന്നുവെന്നാണ് അൻവർ ഫേസ്ബുക്കിൽ കുറിച്ചത്. 'ചതിച്ചതാര് ? ചന്തു തന്നെ. മഷിയിട്ടു നോക്കേണ്ട കാര്യമില്ല' എന്ന കുറിപ്പോടെ കോഴിക്കോട്ടെ കോൺഗ്രസ് നേതൃത്വത്തിനെതിരെ അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
പിണറായിസത്തിനെതിരെ താൻ നയിച്ച ഒറ്റയാൾ പോരാട്ടമാണ് യു.ഡി.എഫിനെ 102 സീറ്റുകൾ നേടി അധികാരത്തിലേക്ക് ഉയർത്തിയതെന്നും, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ കെട്ടിവെച്ച തുക പോലും തിരികെ കിട്ടാൻ സാധ്യതയില്ലാത്ത ഭൂരിഭാഗം ആളുകളും വിജയിച്ചു കയറിയത് തന്റെ പോരാട്ടത്തിന്റെ ഫലമാണെന്നും അൻവർ കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു. മലർന്നു കിടന്നു തുപ്പുന്നവർ ഭാവിയിൽ മുന്നണിയുമായി സഹകരിക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും സംഘടനകൾക്കും വ്യക്തികൾക്കും എന്തൊരു സന്ദേശമാണ് നൽകുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരുന്നു.





