Malayali Media
Kerala

ഇ.ഡി ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസ്: ജാമ്യവ്യവസ്ഥകൾ ലംഘിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയിൽ; വീഴ്ചവരുത്തിയ പോലീസുകാർക്കെതിരെയും നടപടി

25 Aug 202649 views 3 min read
ഇ.ഡി ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസ്: ജാമ്യവ്യവസ്ഥകൾ ലംഘിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയിൽ; വീഴ്ചവരുത്തിയ പോലീസുകാർക്കെതിരെയും നടപടി
Advertisement

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്ക് നേരെ അക്രമം നടത്തിയ കേസിലെ പ്രതികൾക്കെതിരെ കർശന നടപടിയുമായി ആഭ്യന്തരവകുപ്പും പോലീസും രംഗത്ത്. കേസിലെ ഒന്നാം പ്രതി നിതിൻ രാജ്, പതിനാറാം പ്രതി ഐ.പി. ബിനു എന്നിവർക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സന്തോഷ് കുമാർ മുഖേന പോലീസ് കോടതിയെ സമീപിച്ചു.

രണ്ട് പ്രധാന ജാമ്യവ്യവസ്ഥകൾ പ്രതികൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് പോലീസ് കോടതിയിൽ അപേക്ഷ നൽകിയത്. അനുവദിക്കപ്പെട്ട പരിധി ലംഘിച്ച് പോലീസ് സ്റ്റേഷൻ പരിസരങ്ങളിൽ പ്രവേശിച്ചതും, സാക്ഷികളെയോ അവരെ സ്വാധീനിക്കാൻ ശേഷിയുള്ളവരെയോ സ്വാധീനിക്കാൻ തങ്ങൾക്ക് ഉന്നത ബന്ധങ്ങളുണ്ടെന്ന് വരുത്തിതീർക്കുന്ന തരത്തിൽ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതുമാണ് പ്രധാന ലംഘനങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.

ഇതിനുപുറമെ, ഡ്യൂട്ടിയിൽ ഗുരുതര വീഴ്ചവരുത്തിയ പോലീസുകാർക്കെതിരെയും നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ എ.ആർ ക്യാമ്പിലേക്ക് മാറ്റാൻ തീരുമാനിച്ചു. സിറ്റി പോലീസ് കമ്മീഷണറുടെ സമഗ്രമായ റിപ്പോർട്ട് ലഭിച്ച ശേഷം മറ്റ് തുടർനടപടികൾ സ്വീകരിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ നീക്കം.

ഇ.ഡി ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിലെ പ്രതികൾ, സ്റ്റേഷനിൽ ഓണാഘോഷത്തോടനുബന്ധിച്ച് പോലീസുകാർ ഒരുക്കിയ ഊഞ്ഞാലിൽ ആടി സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയ ഇവർ പോലീസുകാർ ധരിച്ചതിന് സമാനമായ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ദൃശ്യങ്ങൾ പകർത്തിയത്. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പോലീസ് നടപടി കടുപ്പിച്ചത്.

Tags:#kerala#thiruvananthapuram
Advertisement

Comments

Add a Comment

Our Channels

ഇ.ഡി ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസ്: ജാമ്യവ്യവസ്ഥകൾ ലംഘിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയിൽ; വീഴ്ചവരുത്തിയ പോലീസുകാർക്കെതിരെയും നടപടി | Malayali Media