തിരുവനന്തപുരം: നിയമവിരുദ്ധമായ വാഹന രൂപമാറ്റങ്ങൾ തടയാൻ കർശന പരിശോധനകളുമായി മോട്ടോർ വാഹന വകുപ്പ്. വാഹനത്തിൽ വരുത്തുന്ന ഓരോ അനധികൃത മാറ്റത്തിനും വെവ്വേറെ പിഴ ഈടാക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ വ്യക്തമാക്കി. വാഹനങ്ങളിൽ അധികമായി ഘടിപ്പിച്ച ഭാഗങ്ങൾ ഉടമകൾ തന്നെ സ്വന്തം ചെലവിൽ നീക്കം ചെയ്യേണ്ടതും, തുടർന്ന് വാഹനം പരിശോധനയ്ക്കായി എം.വി.ഡി ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കേണ്ടതുമാണ്.
സോഷ്യൽ മീഡിയ റീൽസുകൾ ചിത്രീകരിക്കാനായി നിയമം ലംഘിച്ച് രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾക്കെതിരെയും ശക്തമായ നടപടിയുണ്ടാകും. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സ്വീകരിച്ച നിയമനടപടികളുടെ വിവരങ്ങൾ ശേഖരിച്ച് സെപ്റ്റംബർ മൂന്നിനകം സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ എല്ലാ ആർ.ടി.ഒമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത കമ്മീഷണർ ഈ നിർദ്ദേശങ്ങൾ നൽകിയത്.
വാഹന മോഡിഫിക്കേഷൻ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വാഹനങ്ങളിൽ കണ്ടെത്തുന്ന ഓരോ നിയമവിരുദ്ധ രൂപമാറ്റത്തിനും 5,000 രൂപ വീതം പിഴ ചുമത്തണമെന്നാണ് കോടതി നിർദ്ദേശം. കടുംനിറങ്ങളിലുള്ള എൽ.ഇ.ഡി ലൈറ്റുകൾ, അമിത പ്രകാശമുള്ള ഹെഡ്‌ലൈറ്റുകൾ, റെഡ്-ബ്ലൂ സ്ട്രോബ് ലൈറ്റുകൾ, നിയമവിരുദ്ധ സൈറണുകൾ, വീൽ സ്‌പേസറുകൾ എന്നിവ ഘടിപ്പിക്കുന്നവർക്കെതിരെ നടപടി കർശനമാക്കണം. അടൂരിലുണ്ടായ മിന്നൽ പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ജീപ്പിൽ ആറ് നിയമവിരുദ്ധ മാറ്റങ്ങൾ കണ്ടെത്തിയിട്ടും കേവലം 5,000 രൂപ മാത്രം പിഴ ഈടാക്കിയ സംഭവം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.





