കോഴിക്കോട്: പാലത്തായി പീഡനക്കേസിലെ പ്രതിയായ ബി.ജെ.പി നേതാവിന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ച സംഭവത്തിൽ സർക്കാരിനും പ്രോസിക്യൂഷനുമെതിരെ അതിരൂക്ഷ വിമർശനവുമായി സമസ്ത. ഹൈക്കോടതിയിൽ നിന്നേറ്റ ഈ തിരിച്ചടി സർക്കാരും പ്രോസിക്യൂഷനും ചേർന്ന് മനഃപൂർവ്വം ഇരന്നുവാങ്ങിയ തോൽവിയാണെന്ന് സമസ്തയുടെ മുഖപത്രമായ 'സുപ്രഭാതം' മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി. പ്രോസിക്യൂഷൻ കാണിച്ച ഗുരുതരമായ അനാസ്ഥയാണ് പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കിയതെന്നും, സർക്കാർ കേസ് ഒത്തുകളിച്ച് തോറ്റുകൊടുക്കുകയായിരുന്നുവെന്നും എഡിറ്റോറിയൽ വ്യക്തമാക്കുന്നു.
കേസ് കൈകാര്യം ചെയ്ത രീതി അതിജീവിതയോട് കാണിച്ച കടുത്ത അനീതിയാണെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പി നേതാവിന് അനുകൂലമായ നിലപാടാണ് കേരളത്തിലെ ഇരു മുന്നണികളും സ്വീകരിച്ചത്. ഇത്രയും ഗൗരവമേറിയ ഒരു കേസിൽ സംസ്ഥാന പോലീസ് മേധാവി ഫലപ്രദമായി ഇടപെട്ടില്ലെന്നതും ഏറെ ആശങ്കാജനകമാണ്.
വിചാരണക്കോടതി പ്രതിക്ക് സ്വാഭാവിക മരണം വരെ ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. പോക്‌സോ വകുപ്പുകൾ പ്രകാരം 20 വർഷം വീതം ആകെ 40 വർഷം തടവും മറ്റൊരു ലക്ഷം രൂപ പിഴയും അനുഭവിക്കണമായിരുന്നു. ഈ വിധിക്കെതിരെ പ്രതി പത്മരാജൻ നൽകിയ അപ്പീലിലാണ്, ഉന്നയിച്ച വാദങ്ങൾ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച് ഹൈക്കോടതി ശിക്ഷാവിധി മരവിപ്പിച്ചത്. 2020 ജനുവരിയിലാണ് ഒമ്പത് വയസ്സുള്ള പെൺകുട്ടി പീഡനത്തിനിരയായെന്ന പരാതി പാനൂർ പോലീസിന് ലഭിക്കുന്നത്. തുടർന്ന് പത്മരാജൻ അറസ്റ്റിലായെങ്കിലും, കേസിൽ പോക്സോ വകുപ്പുകൾ നിലനിൽക്കില്ലെന്ന അന്വേഷണ സംഘത്തിന്റെ ആദ്യ കണ്ടെത്തൽ അക്കാലത്ത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.





