കൊച്ചി: കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ പ്രതി അർജുൻ ആയങ്കിക്ക് കോതമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. എന്നാൽ, കാപ്പ (KAAPA) നിയമപ്രകാരമുള്ള തടവുശിക്ഷ നിലനിൽക്കുന്നതിനാൽ ഇയാൾക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല. കണ്ണൂർ സൈബർ ക്രൈം പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ കഴിഞ്ഞ ദിവസം തലശ്ശേരി സി.ജെ.എം കോടതിയും അർജുന് ജാമ്യം നൽകിയിരുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഒമ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ പശ്ചാത്തലത്തിലാണ് ഇയാൾക്കെതിരെ പോലീസ് കാപ്പ ചുമത്തിയത്.
തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന അർജുൻ ആയങ്കി സമൂഹത്തിന് ഭീഷണിയാണെന്നും, ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിക്ക് ജാമ്യം ലഭിച്ചാൽ വീണ്ടും ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങൾ തുടരുമെന്നും ചൂണ്ടിക്കാട്ടിയാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ കാപ്പ ചുമത്താൻ ശുപാർശ നൽകിയത്. ഇയാൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഈ നടപടി. ആഭ്യന്തര മന്ത്രിക്കും പോലീസ് ഉദ്യോഗസ്ഥർക്കുമെതിരെ ഭീഷണി മുഴക്കിയതിന് പുറമെ സ്വർണ്ണക്കടത്ത്, സ്വർണ്ണം പൊട്ടിക്കൽ തുടങ്ങിയ നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്.
കോതമംഗലം, ഊന്നുകൽ സി.ഐമാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കണ്ണൂർ താളിക്കാവിലുള്ള അഭിഭാഷക ദമ്പതികളുടെ വീട്ടിൽ നിന്നാണ് അർജുനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും തുടർന്ന് തലശ്ശേരി സബ് ജയിലിലേക്ക് മാറ്റുകയുമായിരുന്നു.





