തിരുവനന്തപുരം: മ്യൂസിയം പോലീസ് സ്റ്റേഷൻ പരിസരത്ത് പ്രതികൾ ഓണാഘോഷവും റീൽസ് ചിത്രീകരണവും നടത്തിയ സംഭവത്തിലെ പോലീസ് അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). വിഷയത്തിൽ അതൃപ്തി വ്യക്തമാക്കി ഇ.ഡി അഡീഷണൽ ഡയറക്ടർ സംസ്ഥാന പോലീസ് മേധാവിക്ക് കത്തയക്കും. ഉന്നത രാഷ്ട്രീയ-ഭരണ സ്വാധീനം പരസ്യപ്പെടുത്താനാണ് പ്രതികൾ ഇത്തരം നീക്കം നടത്തിയതെന്നും, സ്റ്റേഷനിൽ വെച്ച് റീൽസ് ചിത്രീകരിച്ചത് കേസിലെ സാക്ഷികളെ ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനുമാണെന്നും ഇ.ഡി വിലയിരുത്തുന്നു. അതേസമയം, സംഭവത്തിൽ വീഴ്ച വരുത്തിയ ആറ് പോലീസ് ഉദ്യോഗസ്ഥരെ എ.ആർ ക്യാമ്പിലേക്ക് മാറ്റി നിയമിക്കും.
പ്രതികളുടെ ഓണാഘോഷത്തിൽ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കാണിച്ച് സിറ്റി പോലീസ് കമ്മീഷണർ ഉന്നത ഉദ്യോഗസ്ഥർക്ക് നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ മൗനാനുവാദത്തോടെയാണ് ഐ.പി. ബിനു ഉൾപ്പെടെയുള്ള പ്രതികൾ ആഘോഷത്തിൽ പങ്കാളികളായതും വീഡിയോ റീൽസ് ചിത്രീകരിച്ചതും എന്നാണ് കമ്മീഷണറുടെ കണ്ടെത്തൽ. പ്രതികൾ ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്റ്റേഷനിൽ ഓണാഘോഷം നടക്കുന്നുണ്ടെന്ന് കരുതി പ്രതികളെ അനാവശ്യമായി സ്റ്റേഷൻ പരിസരത്ത് തങ്ങാൻ അനുവദിച്ചതിലും, ഒപ്പിടൽ നടപടികൾ പൂർത്തിയാക്കി ഉടൻ ഇവരെ പറഞ്ഞയക്കാതിരുന്നതിലും പോലീസിന് വീഴ്ച പറ്റി.
എന്നാൽ, പോലീസുകാരുടെ വസ്ത്രത്തിന് സമാനമായ നിറത്തിലുള്ള ഷർട്ട് ധരിച്ചാണ് ഐ.പി. ബിനു എത്തിയത് എന്നതിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി ശനിയാഴ്ച സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴായിരുന്നു പ്രതികളുടെ വിവാദമായ ഓണാഘോഷവും വീഡിയോ ചിത്രീകരണവും. സംഭവം വലിയ വിവാദമായതോടെയാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയൻ സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്.





