തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മദ്യവിൽപ്പന രേഖപ്പെടുത്തി. ആഘോഷത്തിന്റെ പ്രധാന മൂന്ന് ദിനങ്ങളിൽ മാത്രമായി 279.12 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 28.16 കോടി രൂപയുടെ അധിക വരുമാനമാണ് ഇത്തവണ ബെവ്‌കോയ്ക്ക് ലഭിച്ചത്.
കഴിഞ്ഞ തവണത്തെ മൂന്ന് ദിവസത്തെ കണക്ക് പരിശോധിച്ചാൽ 250.96 കോടി രൂപയായിരുന്നു വിറ്റുവരവ്. എന്നാൽ ഇത്തവണ ഉത്രാട ദിനമായ ശനിയാഴ്ച മാത്രം 102.28 കോടി രൂപയുടെയും, തിരുവോണ നാളിൽ 88.98 കോടി രൂപയുടെയും മദ്യം വിറ്റഴിച്ചു. ഉത്സവ സീസൺ ആരംഭിച്ചതു മുതലുള്ള ആകെ വിൽപ്പന പരിശോധിച്ചാൽ ഇതുവരെ 512.11 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റുതീർന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 460.80 കോടി രൂപയായിരുന്നു ആകെ വരുമാനം. വരുന്ന ദിവസങ്ങളിലും മദ്യവിൽപ്പനയിൽ വർദ്ധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടലുകൾ സൂചിപ്പിക്കുന്നത്.





