കൊച്ചി: മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കി മാറ്റാനുള്ള നീക്കങ്ങളിൽ യു.ഡി.എഫ് മുന്നണിക്കുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. ജില്ലാ രൂപീകരണം ഇടുക്കിയുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന നിലപാടിൽ മുന്നണി യോഗത്തിൽ ശക്തമായ എതിർപ്പ് അറിയിക്കാൻ ഒരുങ്ങുകയാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. എന്നാൽ, പുതിയ ജില്ല നിലവിൽ വരാൻ രാഷ്ട്രീയമായി ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടൻ പ്രതികരിച്ചു.
എറണാകുളത്തിന്റെ കിഴക്കൻ മേഖലകളെ ഉൾപ്പെടുത്തി മൂവാറ്റുപുഴയെ ജില്ലയാക്കണമെന്ന ആവശ്യം നേരത്തെ തന്നെ സജീവ ചർച്ചയിലുള്ളതാണ്. മുഖ്യമന്ത്രിയുടെ അനുകൂല പ്രതികരണം വലിയ പ്രതീക്ഷ നൽകുന്നുണ്ടെന്നും, കേരളത്തിൽ പുതുതായി ഒരു ജില്ല പ്രഖ്യാപിക്കുകയാണെങ്കിൽ അത് മൂവാറ്റുപുഴയായിരിക്കുമെന്നും മാത്യു കുഴൽനാടൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 1982-ൽ കെ. കരുണാകരന്റെ ഭരണകാലത്താണ് മൂവാറ്റുപുഴ ജില്ലാ രൂപീകരണമെന്ന ആശയം ആദ്യമായി ഉയർന്നുവന്നത്. നാല് പതിറ്റാണ്ടിനു ശേഷം മറ്റൊരു യു.ഡി.എഫ് സർക്കാർ ഇതിന് അനുകൂല സൂചന നൽകുമ്പോഴാണ് മുന്നണിക്കുള്ളിൽ നിന്ന് തന്നെ എതിർപ്പുകൾ ഉയരുന്നത്.
പാർട്ടിയുടെ പ്രധാന ശക്തികേന്ദ്രമായ തൊടുപുഴ താലൂക്ക് മൂവാറ്റുപുഴയോട് കൂട്ടിച്ചേർക്കപ്പെടുമോ എന്ന ആശങ്കയാണ് ജോസഫ് വിഭാഗത്തിന്റെ പ്രധാന എതിർപ്പിന് കാരണം. സവിശേഷമായ ഭാഷാ സാഹചര്യങ്ങളുള്ള ഇടുക്കിയിൽ നിന്ന് തൊടുപുഴ വേർപെട്ടാൽ, തമിഴ് ഭൂരിപക്ഷമുള്ള ദേവികുളം, പീരുമേട് താലൂക്കുകൾക്ക് മേൽക്കൈ ലഭിക്കുമെന്നും, ഇത് ഭാവിയിൽ മൂന്നാറും മുല്ലപ്പെരിയാറും അടക്കമുള്ള പ്രദേശങ്ങൾ കേരളത്തിന് നഷ്ടമാകുന്നതിലേക്ക് നയിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഒപ്പം ഇടുക്കിയിലെ തങ്ങളുടെ രാഷ്ട്രീയ മേൽക്കോയ്മ നഷ്ടപ്പെടുമെന്ന ഭയവും പാർട്ടിക്കുണ്ട്. പരസ്യ നിലപാടുകളിലേക്ക് പോകുന്നതിന് മുൻപ് വിഷയം മുന്നണിയിൽ വിശദമായി ചർച്ച ചെയ്യണമെന്നാണ് കേരള കോൺഗ്രസിന്റെ ആവശ്യം. കോട്ടയത്ത് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം യു.ഡി.എഫിൽ വിഷയം ഉന്നയിക്കും. എൻ.ഡി.എയിലും ജില്ലാ രൂപീകരണത്തിനെതിരെ എതിർപ്പ് ഉയരുന്നതിനിടെ, പുതിയ ജില്ലയ്ക്കുള്ള സാഹചര്യം ഒരുങ്ങുമ്പോൾ സ്വന്തം മുന്നണിയിൽ നിന്നുതന്നെ സർക്കാരിന് വെല്ലുവിളി നേരിടേണ്ടി വരുന്നു എന്നതാണ് യാഥാർത്ഥ്യം.





