തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ പരസ്യ പ്രതികരണത്തിന് മറുപടി നൽകേണ്ടതില്ലെന്ന് സി.പി.ഐ.എം തീരുമാനം. മുന്നണിയിൽ സി.പി.ഐയെ കൂടുതൽ പ്രകോപിപ്പിക്കേണ്ടതില്ലെന്ന പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ബിനോയ് വിശ്വത്തിന്റെ വാക്കുകളിൽ സി.പി.ഐ.എമ്മിന് ശക്തമായ അതൃപ്തിയുണ്ടെങ്കിലും, വിഷയത്തിൽ പാർട്ടി ഔദ്യോഗികമായി പ്രതികരിക്കേണ്ടതില്ലെന്നും എന്തെങ്കിലും വ്യക്തത വരുത്താനുണ്ടെങ്കിൽ പിണറായി വിജയൻ തന്നെ മറുപടി പറയട്ടെയെന്നുമാണ് നേതൃത്വത്തിന്റെ നിലപാട്.
അതേസമയം, പ്രശ്നപരിഹാരത്തിനായി സി.പി.ഐയെ അനുനയിപ്പിക്കാൻ മുൻകൈ എടുക്കേണ്ടതില്ലെന്നും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ചൊവ്വാഴ്ചത്തെ പതിവ് സംസ്ഥാന സെക്രട്ടേറിയറ്റ് ഓണക്കാലമായതിനാൽ നാളെ ചേരില്ലെങ്കിലും, വിഷയം അടുത്ത സെക്രട്ടേറിയറ്റ് യോഗം വിശദമായി ചർച്ച ചെയ്യും.
പ്രതിപക്ഷ ഉപനേതാവ് പദവി സി.പി.ഐ.എമ്മിനാണെന്നും ഉപനേതാവിന്റെ പേര് ഉടൻതന്നെ സ്പീക്കർക്ക് കൈമാറുമെന്നുമുള്ള പിണറായി വിജയന്റെ പ്രസ്താവനയാണ് മുന്നണിയിൽ വലിയ തർക്കങ്ങൾക്ക് വഴിവെച്ചത്. ഇത്തരമൊരു നിലപാട് പിണറായി വിജയന്റെ പദവിക്കും രാഷ്ട്രീയ പക്വതയ്ക്കും നിരക്കാത്തതാണെന്ന് ബിനോയ് വിശ്വം തുറന്നടിച്ചതോടെ മുന്നണിയിലെ ഭിന്നത രൂക്ഷമായി. പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാനാണ് സി.പി.ഐയുടെ നീക്കം.
പാർട്ടിയുടെ ആത്മാഭിമാനം അടിയറവെച്ച് മുന്നണിയിൽ തുടരേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.ഐ നേതൃത്വം. ആവശ്യമെങ്കിൽ എൽ.ഡി.എഫ് പരിപാടികളിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കാനും പാർട്ടി ആലോചിക്കുന്നുണ്ട്. പിണറായി വിജയന്റെ ഏകപക്ഷീയമായ ശൈലി ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് സി.പി.ഐയിലെ ഒരു വിഭാഗം നേതാക്കൾ. മുൻ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി സി.പി.ഐ.എമ്മിന് മാത്രമല്ല സി.പി.ഐക്കും വലിയ നഷ്ടമുണ്ടാക്കിയെന്നും, എന്നിട്ടും പ്രവർത്തനശൈലിയിൽ മാറ്റം വരുത്താൻ തയ്യാറാകാത്തതിന്റെ തെളിവാണ് ഉപനേതാവ് പദവിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.





