എറണാകുളം: വിവാദമായ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് കനത്ത തിരിച്ചടി. കേസ് പരിഗണിക്കാൻ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിക്ക് അധികാരപരിധിയില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പൂർണ്ണമായും തള്ളി. സാമ്പത്തിക തട്ടിപ്പ് കേസ് വിചാരണ ചെയ്യാൻ വിചാരണ കോടതിക്ക് പൂർണ്ണ അധികാരമുണ്ടെന്ന് വ്യക്തമാക്കിയ കോടതി, പ്രതികളെ ഈ മാസം 31-ന് കുറ്റപത്രം വായിച്ചുകേൾപ്പിക്കാൻ നിർദ്ദേശം നൽകി.
അനധികൃതമായി മുറിച്ചുകടത്തിയ തടികൾക്ക് വനംവകുപ്പിന്റെ സാധുവായ പെർമിറ്റുണ്ടെന്ന് വ്യാജമായി വിശ്വസിപ്പിച്ച് വിറ്റഴിച്ചതിനാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ മാസം 31-ന് ഒന്നാം പ്രതിയായ റോജി അഗസ്റ്റിൻ നേരിട്ട് കോടതിയിൽ ഹാജരാകണം. എന്നാൽ രണ്ടും മൂന്നും പ്രതികളായ ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർക്ക് വീഡിയോ കോൺഫറൻസിങ് മുഖേന ഹാജരാകാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.
നേരത്തെ, ചോറ്റാനിക്കര കോടതിയിലെ വിചാരണാ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി റോജി അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെ ചോറ്റാനിക്കര കോടതിയിൽ ഹാജരായപ്പോൾ റോജിക്ക് കടുത്ത വിമർശനവും നേരിടേണ്ടി വന്നിരുന്നു. വനംവകുപ്പിന്റെ പെർമിറ്റില്ലാത്ത മരം നൽകി 1.4 കോടി രൂപ തട്ടിയെടുത്ത് വഞ്ചിച്ചുവെന്ന് കാണിച്ച് കരിമുകൾ മലബാർ ടിമ്പർ ഉടമ എം.എം. അലിയാർ അമ്പലമേട് പോലീസിൽ നൽകിയ പരാതിയിലാണ് ചോറ്റാനിക്കര കോടതിയിൽ നടപടികൾ പുരോഗമിക്കുന്നത്.





