കൊച്ചി: മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട അബ്ദുൾ സലാം വധശ്രമക്കേസിലെ പ്രതികൾക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആദിവാസി ഗോത്രമഹാസഭാ നേതാവും കേസിലെ ഒന്നാം പ്രതിയുമായ എം. ഗീതാനന്ദൻ, മൂന്നാം പ്രതി ബിനു, അഞ്ചാം പ്രതി രമേശൻ കോയാലിപ്പുര, പതിനൊന്നാം പ്രതി അനിൽ കുമാർ എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്. കൽപറ്റ വിചാരണക്കോടതിയുടെ വിധിന്യായത്തിൽ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി, കർശന ഉപാധികളോടെയാണ് ഇവർക്ക് ഇളവ് നൽകിയത്. ഓരോരുത്തരും 46,000 രൂപ വീതം കെട്ടിവെക്കണമെന്നും ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് ആൾജാമ്യം ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.
കേസിലെ ഓരോ വശങ്ങളും പ്രത്യേകമായി പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് അന്തിമവിധിയിൽ പരാമർശിച്ചത് തെറ്റാണെന്നും കോടതി വ്യക്തമാക്കി. അന്തിമ വിധി പ്രസ്താവിക്കുമ്പോൾ കുറ്റം പൂർണ്ണമായും തെളിയിക്കപ്പെടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, എം. ഗീതാനന്ദൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ പരിഗണിച്ച് ശിക്ഷാവിധിയിൽ സി.ബി.ഐക്ക് നോട്ടീസ് അയച്ചു. അപ്പീലിൽ സംസ്ഥാന സർക്കാരും തങ്ങളുടെ വിശദീകരണം ബോധിപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കേസിൽ പുനരന്വേഷണം നടത്താൻ സി.ബി.ഐക്ക് അനുമതി നൽകുന്ന ഉത്തരവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും അധികാരപരിധിക്ക് പുറത്തുള്ള കേസാണ് ഏജൻസി അന്വേഷിച്ചതെന്നും എം. ഗീതാനന്ദൻ അടക്കമുള്ള പ്രതികൾ വാദിച്ചു. അതിനാൽ കൽപ്പറ്റ സെഷൻസ് കോടതിയിൽ നടന്ന വിചാരണ നടപടികൾ തന്നെ നിയമവിരുദ്ധമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. കേവലം ഗൂഢാലോചനക്കുറ്റം മാത്രമായി നിലനിൽക്കില്ലെന്നും ഒരേ സംഭവവുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത കേസുകളിൽ കോടതി രണ്ട് മാനദണ്ഡങ്ങളാണ് സ്വീകരിച്ചതെന്നും പ്രതിഭാഗം വാദിച്ചു.





