തിരുവനന്തപുരം: സംസ്ഥാനത്തെ എം.ബി.ബി.എസ് പ്രവേശന നടപടികൾപൂർത്തിയാക്കാനുള്ള അവസാന തീയതി നീട്ടി നൽകി. പുതുക്കിയ തീരുമാനപ്രകാരം ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 5 വരെ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നടപടികൾ പൂർത്തിയാക്കാം. എൻട്രൻസ് കമ്മീഷണറുടെ മുൻ വിജ്ഞാപന പ്രകാരം ആദ്യ അലോട്ട്‌മെന്റിൽ ഉൾപ്പെട്ടവർ ആഗസ്റ്റ് 23 മുതൽ 28 വരെയുള്ള തീയതികൾക്കുള്ളിലായിരുന്നു പ്രവേശനം നേടേണ്ടിയിരുന്നത്. പ്രവേശന പ്രതിസന്ധി ചൂണ്ടിക്കാട്ടി റിപ്പോർട്ടർ നൽകിയ വാർത്തയ്ക്ക് പിന്നാലെ, തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കേന്ദ്ര സർക്കാരിന് കത്തയച്ചതിനെ തുടർന്നാണ് അനുകൂല നടപടിയുണ്ടായത്.
അഡ്മിഷൻ നടപടികൾക്കായി അനുവദിച്ച ആറ് ദിവസങ്ങളിൽ രണ്ട് ദിവസം മാത്രമാണ് ബാങ്കുകൾ പ്രവർത്തിക്കുന്നത് എന്നത് വിദ്യാർത്ഥികളെ കടുത്ത ആശങ്കയിലാക്കിയിരുന്നു. മറ്റ് സംസ്ഥാനങ്ങൾക്ക് ഓണം അവധി ബാധകമല്ലാത്തതിനാലാണ് ഇത്തരമൊരു സമയക്രമം വന്നത്. ചലാൻ അടക്കമുള്ള സാമ്പത്തിക ഇടപാടുകൾ തടസ്സപ്പെടുമെന്നതിനാൽ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടേണ്ട വിദ്യാർത്ഥികളെയായിരുന്നു ഇത് ഏറെ ബാധിച്ചത്. കൂടാതെ അവധി ദിനങ്ങളിൽ കോളേജുകളിൽ ജീവനക്കാരുടെ കുറവുണ്ടാകുമെന്ന പ്രശ്നവും ഉണ്ടായിരുന്നു. തുടർന്ന് ഈ അവധി ദിവസങ്ങൾ പരിഗണിച്ച് പ്രവേശന കാലാവധി ദീർഘിപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടുകയും, തുടർന്ന് തീയതി സെപ്റ്റംബർ 5 വരെ നീട്ടി നിശ്ചയിക്കുകയുമായിരുന്നു.





