കണ്ണൂർ: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അവതരിപ്പിച്ച 'മിസ' എന്ന നാടകത്തിനെതിരെ ഉയർന്ന ആക്ഷേപങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടിയുമായി വി.കെ. സനോജ് എം.എൽ.എ. മുൻപ് കോട്ടയത്ത് നടന്ന സർവ്വകലാശാലാ കലോത്സവത്തിൽ സ്നേഹലത റെഡ്ഡിയുടെ മകൾ നന്ദന റെഡ്ഡി മുഖ്യാതിഥിയായി എത്തുന്നതിനെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധങ്ങളും, കോട്ടയത്ത് കാലുകുത്തിക്കില്ലെന്ന പ്രഖ്യാപനം മറികടന്ന് നന്ദന പരിപാടിയിൽ പങ്കെടുത്തതും ചൂണ്ടിക്കാട്ടിയാണ് സനോജ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ നിലപാട് വ്യക്തമാക്കിയത്. അന്ന് മാളത്തിലൊളിച്ച കോൺഗ്രസ് പിൻതലമുറയ്ക്ക് മിസയെന്നും അടിയന്തരാവസ്ഥയെന്നും സ്നേഹലത റെഡ്ഡിയെന്നും കേൾക്കുമ്പോൾ വിറളിപിടിക്കുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം പരിഹസിച്ചു.
തീഷ്ണമായ ചരിത്രയാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതിനാലാണ് 'മിസ' എന്ന നാടകവും അതിലെ രംഗങ്ങളും പുതിയ കാലത്തെ സദാചാരവാദികളെയും അസ്വസ്ഥമാക്കുന്നത്. അധികാരികളോട് ചോദ്യങ്ങൾ ചോദിച്ചതിന്റെ പേരിലും കലാകാരിയായതിനാലും അടിയന്തരാവസ്ഥക്കാലത്ത് കൊടിയ ഭരണകൂട പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന ജീവിതമാണ് സ്നേഹലതയുടേത്. കരിമ്പിൻ തോട്ടങ്ങളിലും ഫാക്ടറികളിലും ചൂഷണം അനുഭവിക്കുന്ന സ്ത്രീ തൊഴിലാളികളിൽ തുടങ്ങി ഇന്നും തുടരുന്ന അധികാര-ചൂഷണ വ്യവസ്ഥകളിലേക്കാണ് നാടകം വിരൽചൂണ്ടുന്നത്. ചോദ്യമുയർത്തുന്നവരെ നിശബ്ദരാക്കാനുള്ള ഭരണകൂട രാഷ്ട്രീയത്തിനെതിരെയുള്ള സന്ദേശമാണ് സ്നേഹലതയുടെ ജീവിതത്തിലൂടെ നാടകം തുറന്നുകാട്ടുന്നത്.
നാടകത്തിലെ ഒരു പ്രത്യേക ഭാഗം മാത്രം അടർത്തിയെടുത്ത് സദാചാരത്തിന്റെ കണ്ണടയിലൂടെ വീക്ഷിക്കുന്നവർ, അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ ജനങ്ങൾ അനുഭവിച്ച കൊടിയ പീഡനങ്ങളെയാണ് മറച്ചുവെക്കാൻ ശ്രമിക്കുന്നത്. കോഴിക്കോട് ചിലങ്ക ഫ്ലോട്ടിംഗ് തിയേറ്റർ മുൻപ് നിരവധി വേദികളിൽ ഈ നാടകം വിജയകരമായി അവതരിപ്പിച്ചപ്പോൾ ഇത്തരമൊരു വിവാദം എവിടെയും ഉണ്ടായിട്ടില്ലെന്നും കലാവിഷ്കാര സ്വാതന്ത്ര്യം പൂർണ്ണമായും സംരക്ഷിക്കപ്പെടണമെന്നും സനോജ് വ്യക്തമാക്കി.





