തിരുവനന്തപുരം: പുതിയ സർക്കാർ ഭരണമേറ്റ് മൂന്ന് മാസം പിന്നിടുമ്പോൾ വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ച് ഉത്തരവായി. മന്ത്രി നേരത്തെ തന്നെ ശുപാർശ ചെയ്തിരുന്ന ശരത് ചന്ദ്രനെയാണ് പി.എസ് പദവിയിലേക്ക് നിയമിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചതോടെ ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും.
മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ തന്നെ തന്റെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിക്കണമെന്ന് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടിരുന്നു. ഓഫീസ് മുഖേനയും പിന്നീട് നേരിട്ട് കண்டும் മന്ത്രി ഇക്കാര്യം ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് പത്രസമ്മേളനങ്ങളിൽ മാധ്യമപ്രവർത്തകർ പി.എസിന്റെ നിയമനം വൈകുന്നതിനെക്കുറിച്ച് നിരന്തരം ചോദിച്ചപ്പോഴും പ്രതികരിക്കാൻ മന്ത്രി തയ്യാറായിരുന്നില്ല.
വിഷയം വലിയ ചർച്ചയായതിനെ തുടർന്ന് ഡൽഹിയിൽ വെച്ച് മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നിയമനത്തിന് ഒടുവിൽ അംഗീകാരമായത്. നിലവിൽ സെക്രട്ടേറിയറ്റിൽ സ്പെഷ്യൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ശരത് ചന്ദ്രൻ. മുൻപ് കെ.സി. വേണുഗോപാൽ എം.എൽ.എ ആയിരുന്ന ഘട്ടത്തിൽ അദ്ദേഹത്തിന്റെ പി.എ ആയും, മന്ത്രിയായിരുന്ന കാലത്ത് പേഴ്സണൽ സ്റ്റാഫായും പ്രവർത്തിച്ച പരിചയസമ്പത്തുണ്ട്. കെ.സി. വേണുഗോപാലുമായുള്ള ഇദ്ദേഹത്തിന്റെ അടുത്ത ബന്ധമാണ് മുഖ്യമന്ത്രിയുടെ വിയോജിപ്പിനും നിയമനം നീണ്ടുപോകുന്നതിനും വഴിവെച്ചതെന്ന് നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു.





