കോഴിക്കോട്: കൊടുവള്ളിയിൽ വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് പന്ത്രണ്ടുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ, ഒത്തുതീർപ്പ് നീക്കങ്ങളുമായി പ്രതികളുടെ കുടുംബം രംഗത്ത്. കേസ് ഒഴിവാക്കി പ്രശ്നം പരിഹരിക്കുന്നതിനായി കുട്ടിയുടെ സഹോദരന് പ്രതികളുടെ ബന്ധു അയച്ച ശബ്ദസന്ദേശം റിപ്പോർട്ടറിന് ലഭിച്ചു. പണം നൽകാമെന്നും കുട്ടിക്ക് ഇഷ്ടമുള്ള എന്ത് കാര്യവും അല്ലെങ്കിൽ സൈക്കിൾ ഉൾപ്പെടെ വാങ്ങിനൽകാമെന്നും പരാതിയിൽ നിന്ന് പിന്മാറണമെന്നുമാണ് ഓഡിയോ സന്ദേശത്തിൽ ആവശ്യപ്പെടുന്നത്.
അതേസമയം, സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നിഷ്ക്രിയത്വത്തിനെതിരെ കുട്ടിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. മർദ്ദനമേറ്റ അന്നുരാത്രി തന്നെ കുട്ടി സ്റ്റേഷനിലെത്തി ശരീരത്തിലെ പരിക്കുകൾ നേരിട്ട് കാണിച്ചിട്ടും കേസെടുക്കാതെ തിരിച്ചയക്കുകയാണുണ്ടായതെന്ന് സഹോദരൻ വ്യക്തമാക്കി. ഇത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്നും എന്തുകൊണ്ടാണ് അന്ന് കേസെടുക്കാതിരുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും കുടുംബം ആരോപിച്ചു. പിന്നീട് ശിശുക്ഷേമ സമിതി വിഷയത്തിൽ ഇടപെട്ടതിനു ശേഷമാണ് പോലീസ് കേസെടുക്കാൻ തയ്യാറായത്.
എന്നാൽ, തുടക്കത്തിൽ കുടുംബം പരാതിയില്ലെന്ന് അറിയിച്ചതിനാലാണ് കേസെടുക്കാതിരുന്നതെന്നാണ് കൊടുവള്ളി പോലീസിന്റെ വാദം. കുട്ടിയുടെ പിതൃസഹോദരനായ റസാഖ്, ഇയാളുടെ ഭാര്യ സീനത്ത്, മകൻ ഉവൈസ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മൂവരും നിലവിൽ ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ആഗസ്റ്റ് ആറിനാണ് മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. വാച്ച് കാണാതായതിനെ തുടർന്ന് കുട്ടിയെ സംശയിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. കണ്ണിൽ മുളകുവെള്ളം ഒഴിച്ചും നഖങ്ങൾക്കിടയിൽ ഈർക്കിൽ കയറ്റിയുമായിരുന്നു പീഡനം. പിതാവിന്റെ ബന്ധുക്കളിൽനിന്ന് ക്രൂരത നേരിട്ട കുട്ടി അവിടെനിന്ന് സാഹസികമായി ഓടി രക്ഷപ്പെടുകയും, വഴിയിൽ കണ്ട യാത്രക്കാരന്റെ സഹായത്തോടെ പോലീസ് സ്റ്റേഷനിലെത്തുകയുമായിരുന്നു.





