തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ വന്ദേമാതരം ആലപിക്കാതിരുന്ന സംസ്ഥാന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്തെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും ജനപങ്കാളിത്തത്തോടെ 'വന്ദേമാതരം സദസ്സുകൾ' സംഘടിപ്പിക്കുമെന്ന് ബി.ജെ.പി. മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും വർഗ്ഗീയ വിഭജന അജണ്ടകൾക്കെതിരെയുള്ള പ്രതിരോധമാണ് ഈ പരിപാടിയെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് വ്യക്തമാക്കി.
മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഭയന്നാണ് ഔദ്യോഗിക ചടങ്ങുകളിൽ നിന്ന് സർക്കാർ വന്ദേമാതരത്തെ ഒഴിവാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. കേവല വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ ദേശീയതയുടെ പ്രതീകമായ ഒരു ഗാനത്തെ തഴയുന്നത് കേരളത്തിന്റെ പാരമ്പര്യത്തിനും സ്വാതന്ത്ര്യസമര ചരിത്രത്തിനും കനത്ത അപമാനമാണെന്ന് എസ്. സുരേഷ് കുറ്റപ്പെടുത്തി.
വന്ദേമാതരം ഏതെങ്കിലും പ്രത്യേക പാർട്ടിയുടെയോ വിഭാഗത്തിന്റെയോ കുത്തകയല്ലെന്നും സ്വാതന്ത്ര്യസമര പോരാട്ടത്തിൽ കോടിക്കണക്കിന് ഭാരതീയരെ പ്രചോദിപ്പിച്ച ദേശീയ ഗീതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീവ്ര നിലപാടുകാരെ ഭയന്ന് വന്ദേമാതരം ചൊല്ലാൻ പോലും മടിക്കുന്ന നിലയിലേക്ക് കേരളത്തിലെ കോൺഗ്രസ് സർക്കാർ തരംതാണിരിക്കുകയാണെന്നും ഇതിനെതിരെയാണ് ബി.ജെ.പിയുടെ പ്രതിഷേധമെന്നും അദ്ദേഹം അറിയിച്ചു.
പരിപാടിയുടെ ഭാഗമായി കാസർകോട് ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, കോഴിക്കോട് മുൻ ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി, തൃശൂരിൽ സംസ്ഥാന ഉപാധ്യക്ഷൻ സി. കൃഷ്ണകുമാർ, എറണാകുളത്ത് ഷോൺ ജോർജ്, കെ.വി.എസ്. ഹരിദാസ്, കോട്ടയത്ത് മുൻ കേന്ദ്രമന്ത്രി അഡ്വ. ജോർജ് കുര്യൻ, തിരുവനന്തപുരത്ത് കരമന ജയൻ എന്നിവർ ഉദ്ഘാടനം നിർവ്വഹിക്കും. ആകെ 30 സംഘടനാ ജില്ലകളിലാണ് വന്ദേമാതരം സദസ്സുകൾ സംഘടിപ്പിക്കുന്നത്.





