തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ ഇതര സംസ്ഥാനങ്ങളിലേക്ക് അയക്കുന്നതിന് തമിഴ്നാട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നിന്ന് കേരളത്തിന് ഇളവ് നൽകുന്ന കാര്യം പരിശോധിക്കാമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് വ്യക്തമാക്കിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.
മഹാബലിപുരത്ത് നടന്ന സതേൺ സോണൽ കൗൺസിൽ യോഗത്തിനിടെ തമിഴ്നാട് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വി.ഡി. സതീശൻ ഈ ആവശ്യം ഉന്നയിച്ചത്. കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളും തമ്മിൽ കൂടുതൽ ചർച്ചകൾ നടത്തി ഉചിതമായ നടപടി ഉടൻ കൈക്കൊള്ളാനാണ് മുഖ്യമന്ത്രിമാർ തമ്മിൽ ധാരണയായത്. നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുൻപും തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് മുഖ്യമന്ത്രി കത്തയച്ചിരുന്നു.





