തിരുവനന്തപുരം: കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ (ബെവ്‌കോ) നിലവിൽ സാമ്പത്തിക നഷ്ടത്തിലാണെന്നും മുൻ സർക്കാരിന്റെ നയപരമായ തീരുമാനങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നും എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ പൂർണ്ണമായും പ്രൊഫഷണലൈസ് ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ബെവ്‌കോ പെട്ടെന്ന് നഷ്ടത്തിലായതല്ലെന്നും മുൻ ഭരണകൂടത്തിന്റെ തെറ്റായ നടപടികളാണ് ഇതിന് വഴിവെച്ചതെന്നും മന്ത്രി വിശദീകരിച്ചു. ഉൽപ്പാദനവും വിൽപനയും വർദ്ധിച്ചിട്ടും, വെറും അഞ്ച് പൈസയായിരുന്ന ഗ്യാലനേജ് ഫീസ് പത്ത് രൂപയായി കുത്തനെ ഉയർത്തിയതോടെ 400 കോടി രൂപയാണ് ബെവ്‌കോയ്ക്ക് സർക്കാരിലേക്ക് അടയ്ക്കേണ്ടി വന്നത്. ഇതോടെ ലാഭം ഇല്ലാതാവുകയും റിസർവ് ഫണ്ടിൽ നിന്ന് പണമെടുത്ത് നൽകേണ്ടി വരികയും ചെയ്തു. ഇതാണ് സ്ഥാപനത്തിന് ഭീമമായ നഷ്ടമുണ്ടാക്കിയത്.
സംസ്ഥാനത്തെ മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞെന്നും ഓണാഘോഷങ്ങൾക്ക് ശേഷം നടപടികൾ വേഗത്തിലാക്കുമെന്നും ലിജു അറിയിച്ചു. ഇതിനായി ക്ഷണിക്കേണ്ട വ്യക്തികളുടെ പട്ടിക തയ്യാറാക്കി വരികയാണെന്നും സെപ്റ്റംബർ ആദ്യവാരത്തോടെ ചർച്ചകൾ പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ വകുപ്പിനെ ഒഴിവാക്കിയ ധനവകുപ്പിന്റെ തീരുമാനത്തിൽ മന്ത്രി അതൃപ്തിയും ആശങ്കയും പ്രകടിപ്പിച്ചു. സഹകരണ ബാങ്കുകൾ മുഖേന പെൻഷൻ നൽകിയപ്പോൾ വലിയ ബാധ്യതയുണ്ടായി എന്നാണ് ധനവകുപ്പിന്റെ നിഗമനം. എന്നാൽ സഹകരണ മേഖലയെ മാറ്റിനിർത്തിയുള്ള ഇപ്പോഴത്തെ വിതരണ പ്രക്രിയ ശരിയാണെന്ന അഭിപ്രായം തനിക്കില്ലെന്നും, മുൻപ് രാഷ്ട്രീയവൽക്കരണവും ചുവപ്പുവൽക്കരണവും നടത്തിയാണ് വിതരണം നിർവ്വഹിച്ചതെന്നും ലിജു വിമർശിച്ചു.





