തിരുവനന്തപുരം: സി.എം.ആർ.എൽ-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണ രീതികൾക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനി. കേസ് അനാവശ്യമായി വലിച്ചുനീട്ടുന്നതും അപസർപ്പക കഥകൾ ചമയ്ക്കുന്നതും ദുരൂഹമാണെന്ന് 'ഇ.ഡിയുടെ രാഷ്ട്രീയവേട്ട വിലപ്പോകില്ല' എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിൽ ദേശാഭിമാനി കുറ്റപ്പെടുത്തി.
മോദി ഭരണകൂടം അധികാരത്തിലെത്തിയതു മുതൽ രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനുള്ള പ്രധാന ആയുധമായി കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് മുഖപത്രം ചൂണ്ടിക്കാട്ടി. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കളെ ഇത്തരം ഏജൻസികളിലൂടെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമങ്ങൾ നടന്നു. സി.എം.ആർ.എൽ-എക്സാലോജിക് വിവാദത്തിന്റെ പശ്ചാത്തലത്തിൽ സി.പി.ഐ.എമ്മിനെയും പാർട്ടി നേതാക്കളെയും ലക്ഷ്യമിട്ട് രാഷ്ട്രീയ പ്രചാരണം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിലാണ് ഈ കാര്യങ്ങൾ പ്രസക്തമാകുന്നത്. പാർട്ടി നേതാക്കളുടെ സുഹൃത്തുക്കളിലേക്ക് വരെ പരിശോധനകൾ വ്യാപിപ്പിച്ച് അന്വേഷണത്തിന്റെ പേരിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
ഒരു സ്ഥാപനത്തിനോ വ്യക്തികൾക്കോ എതിരെയുള്ള പരാതികൾ അന്വേഷിക്കുന്നതിന്റെ പരിധി ലംഘിച്ച്, ഒരു രാഷ്ട്രീയ പാർട്ടിയെയും അതിന്റെ നേതാക്കളെയും അവരുമായി ബന്ധമുള്ളവരെയും ഉന്നംവെക്കുന്നത് വ്യക്തമായ രാഷ്ട്രീയ പകപോക്കലാണ്. ഇത്തരം നാടകങ്ങൾ പൊതുജനം തിരിച്ചറിയുമെന്നും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സി.പി.ഐ.എമ്മിനെ തളർത്താമെന്നത് വ്യാമോഹം മാത്രമാണെന്നും മുഖപ്രസംഗം ഓർമ്മിപ്പിക്കുന്നു. അന്വേഷണ ഏജൻസികൾ ആരോപണം ഉന്നയിച്ചതുകൊണ്ടോ, എഫ്.ഐ.ആറിൽ പേര് വന്നതുകൊണ്ടോ, റെയ്ഡുകളും മാധ്യമവാർത്തകളും ഉണ്ടായതുകൊണ്ടോ ഒരാൾ കുറ്റവാളിയാകുന്നില്ല. കുറ്റം തെളിയേണ്ടത് കോടതിയിലാണ്. മദ്യനയക്കേസിലടക്കം കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത കോടതികളിൽ പലതവണ തകർന്നടിഞ്ഞതാണെന്നും ദേശാഭിമാനി വ്യക്തമാക്കി.





