കൊല്ലം: വാഹനം റോഡിന് നടുവിൽ നിർത്തി ഗതാഗത തടസ്സമുണ്ടാക്കിയത് ചോദ്യം ചെയ്ത എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ മദ്യലഹരിയിൽ സി.പി.ഐ.എം ജനപ്രതിനിധിയുടെ ഭീഷണി. ആര്യങ്കാവ് പഞ്ചായത്ത് അംഗമായ മനു മത്തായിയാണ് എക്സൈസ് ഓഫീസറെ പരസ്യമായി വെല്ലുവിളിച്ചത്. 'കാണണോ, നിന്നെ ഞാൻ പൂട്ടിക്കും' എന്ന് ഇയാൾ ഉദ്യോഗസ്ഥനോട് കയർക്കുന്നതിന്റെ ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ ആര്യങ്കാവ് ചെക്ക്പോസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ റോഡിന് നടുവിലായി പഞ്ചായത്തംഗം സഞ്ചരിച്ച വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതുവഴിയുള്ള യാത്ര തടസ്സപ്പെട്ടത് കണ്ട് വാഹനം മാറ്റിയിടാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് വഴിവെച്ചത്. താൻ ആര്യങ്കാവ് മെമ്പറായ മനു മത്തായിയാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഭീഷണിപ്പെടുത്തൽ. ഇതിനിടെ ഉദ്യോഗസ്ഥർ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നത് മനു ചോദ്യം ചെയ്തെങ്കിലും, തങ്ങളുടെ ഓഫീസ് പരിസരമാണിതെന്ന് ഉദ്യോഗസ്ഥർ മറുപടി നൽകി. സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.





