കോട്ടയം: സമൂഹമാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ സ്നേഹം പിടിച്ചുപറ്റിയ ഇൻസ്റ്റഗ്രാം താരം അയ്മനം സ്വദേശി സി.പി. അമ്മുക്കുട്ടിയമ്മ (106) അന്തരിച്ചു. വാർധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടർന്നായിരുന്നു വിയോഗം. ചെറുമകൾ ഗോപികയുടെ 'ഗോപികാസ് ഗ്യാലറീസ്' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അമ്മൂമ്മ സൈബർ ലോകത്തിന് പ്രിയങ്കരിയായത്. അമ്മുക്കുട്ടി അമ്മൂമ്മയുടെ വിയോഗവാർത്ത ഗോപിക തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
നടൻ മോഹൻലാലിന്റെ കടുത്ത ആരാധികയായ അമ്മൂമ്മ, അദ്ദേഹത്തെ നേരിട്ട് കാണണമെന്നുള്ള ആഗ്രഹം മുൻപ് പ്രകടിപ്പിച്ചിരുന്നു. തുടർന്ന് മോഹൻലാൽ അമ്മൂമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു. കോട്ടയത്ത് ഷൂട്ടിങ്ങിനായി എത്തുമ്പോൾ നേരിൽ കാണാമെന്ന് മോഹൻലാൽ അമ്മൂമ്മയ്ക്ക് വാക്ക് നൽകുകയും ചെയ്തിരുന്നു. വിഡിയോകളിൽ സി.പി. അമ്മുക്കുട്ടിയമ്മ എന്ന് സ്വയം പരിചയപ്പെടുത്താറുള്ള അമ്മൂമ്മ, സ്വന്തം പേര് മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു.





