കൊച്ചി: പുലിക്കളി കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതമാണെന്ന വി.കെ. ശ്രീരാമന്റെ പരാമർശത്തിനെതിരെ പ്രതിഷേധം പുകയുന്നു. പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി പുലിക്കളി സംഘങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ശ്രീരാമന്റെ നിലപാട് വ്യക്തമായ ബോഡി ഷെയ്മിങ് ആണെന്ന് അയ്യന്തോൾ പുലിക്കളി ദേശം വ്യക്തമാക്കി. കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിന്റെ കാര്യത്തിൽ ഉൾപ്പെടെ നിലനിൽക്കുന്ന ഇരട്ടത്താപ്പുകൾ ചൂണ്ടിക്കാട്ടിയാണ് പുലിക്കളിക്കെതിരെ ഉയർത്തിയ ശരീര അധിക്ഷേപത്തിനെതിരെ വ്യാപക വിമർശനം ഉയരുന്നത്.
നിരവധി മനുഷ്യരുടെ ഉപജീവനമാർഗ്ഗമാണ് ഈ പാരമ്പര്യ കലയെന്ന് പ്രതിഷേധക്കാർ ഓർമ്മിപ്പിച്ചു. സിനിമയിൽ അശ്ലീലം പറഞ്ഞും പ്രവർത്തിച്ചും ജീവിക്കുന്നവരെ കാണുമ്പോൾ ഇത്തരത്തിൽ മനംപുരട്ടൽ ഉണ്ടാകാറുണ്ടോയെന്നും, കഥാപാത്രങ്ങൾക്ക് അനുയോജ്യമായ രീതിയിൽ തടി കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന നടീനടന്മാരെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും ചോദ്യങ്ങൾ ഉയർന്നു. മുഷിഞ്ഞ വസ്ത്രങ്ങളണിഞ്ഞ് ഓട വൃത്തിയാക്കുന്ന തൊഴിലാളികളെ കാണുമ്പോൾ എന്ത് വികാരമാണുണ്ടാകുന്നത് എന്നും വിമർശകർ ചോദിക്കുന്നു. പുരുഷനായാലും സ്ത്രീയായാലും സമ്പൂർണ്ണ രൂപഭംഗി ഉണ്ടാകണമെന്നില്ലെന്നും, ഒരു കൂട്ടം മനുഷ്യരുടെ കാത്തിരിപ്പും ജീവിതവുമായ കലയെ ആഭാസമെന്ന് വിളിച്ച് ആക്ഷേപിക്കരുതെന്നും പലരും അഭിപ്രായപ്പെട്ടു.
പുലിക്കളി അഭ്യസിക്കുന്ന കളരിയുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചുകൊണ്ടായിരുന്നു വി.കെ. ശ്രീരാമന്റെ വിവാദ കുറിപ്പ്. പുരുഷന്മാർക്ക് മാറിടവും വയറും വളരുന്നത് ശരീരവൈകൃതമാണെന്നും, ആ വൈകൃതത്തെ കലയുടെ പേരിൽ ഉപയോഗിക്കുന്നത് വെറും ആഭാസമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം. ലോകത്ത് ഒരിടത്തും ഇത്രയേറെ അറപ്പും ഓക്കാനവും ഉണ്ടാക്കുന്ന മറ്റൊരു കലാവൈകൃതം കാണാനാകില്ലെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. ഇതൊരു ഭാരതീയ കലാരൂപമാണെന്നും നാട്യശാസ്ത്രത്തിൽ 'ശാർദൂലവിക്രീഡിതം' എന്ന് ഈ കുംഭകുലുക്കിക്കളിയെക്കുറിച്ച് പരാമർശമുണ്ടെന്ന് സുബ്രൻ സാമി പറയുന്നതാണ് ഏക ആശ്വാസമെന്നും ശ്രീരാമൻ പരിഹസിച്ചിരുന്നു.




