കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് സൊല്യൂഷൻസ് ദുരൂഹ സാമ്പത്തിക ഇടപാടിൽ, എക്സാലോജിക് മാനേജിംഗ് ഡയറക്ടറും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വീണ ടി.ക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഒരുങ്ങുന്നു. വീണ ദുബായിലേക്ക് 85 ലക്ഷം രൂപ കൈമാറിയതിൽ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) ചട്ടങ്ങൾ ചുമത്തിയാണ് അന്വേഷണം നടത്തുക. ഈ തുക ആർക്കാണ് കൈമാറിയതെന്നും, വരുമാന പരിധിക്ക് പുറത്തുള്ള വീണയുടെ ഇതര സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഏജൻസി വിശദമായി പരിശോധിക്കും.
ഇതിനുപുറമെ, മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കൂടി ഇ.ഡി അന്വേഷണം വ്യാപിപ്പിക്കും. സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. നിഖിലിന്റെ ഉടമസ്ഥതയിലുള്ള 'സൊലസ്' എന്ന പരസ്യ സ്ഥാപനത്തിന് 2021-ൽ വീണ പണം കൈമാറിയതായി ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥാപനത്തിന് നൽകിയത് സി.എം.ആർ.എല്ലിൽ നിന്ന് ലഭിച്ച തുകയാണോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. മെയ് 27-ന് വീണയുടെ വസതിയിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ഡയറിയിൽ നിന്നാണ് സൊലസുമായുള്ള ഇടപാട് വിവരങ്ങൾ ലഭിച്ചത്. ഡയറിയിലെ ആദ്യ ഒൻപത് പേജുകൾ കേസിൽ നിർണായകമാണെന്ന് വ്യക്തമാക്കിയ ഇ.ഡി, ഇതിലെ കണക്കുകൾ പ്രകാരം 85 ലക്ഷത്തോളം രൂപ ദുബായിലേക്ക് കൈമാറിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്.
മറ്റൊരാളുടെ പേരിലെടുത്ത സിം കാർഡ് ഉപയോഗിച്ചാണ് ഇന്റർനെറ്റ് കോളുകൾ നടത്തിയതെന്നും ഇ.ഡി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനായി ഉപയോഗിച്ച സിം കാർഡിന്റെ ഫോട്ടോയും അന്വേഷണസംഘത്തിന് ലഭിച്ചു. ഡി.വൈ.എഫ്.ഐ നേതാവ് നന്ദു ലാലിന്റെ പേരിലുള്ളതാണ് ഈ സിം കാർഡ്. മുഹമ്മദ് റിയാസും വീണയും ആവശ്യപ്പെട്ടതിനാലാണ് താൻ സിം കാർഡ് എടുത്തു നൽകിയതെന്നും ഇത് എന്തിനാണ് ഉപയോഗിച്ചതെന്ന് തനിക്ക് അറിയില്ലെന്നുമാണ് നന്ദു നൽകിയ മൊഴി.
അതേസമയം, കേസ് പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സി.പി.ഐ.എം. ഇ.ഡി റെയ്ഡിൽ ഭയന്നോടില്ലെന്നും ബി.ജെ.പിയുടെ രാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടം എന്തുവിലകൊടുത്തും മുന്നോട്ട് കൊണ്ടുപോകുമെന്നും റിയാസ് വ്യക്തമാക്കി.





