തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് ട്രെയിനുകളിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി ഇന്ത്യൻ റെയിൽവേ. 'ശുഭയാത്ര സുരക്ഷിത യാത്ര' എന്ന പ്രത്യേക ക്യാമ്പയിന്റെ ഭാഗമായി റെയിൽവേ പോലീസും ആർ.പി.എഫും സംയുക്തമായാണ് നിരീക്ഷണവും പരിശോധനകളും നടത്തുന്നത്. ഓഗസ്റ്റ് 30 വരെയാണ് ഈ പ്രത്യേക പരിശോധനകൾ നീണ്ടുനിൽക്കുക.
അതിർത്തി കടന്നെത്തുന്ന ട്രെയിനുകൾ വഴി അനധികൃത പണം, ലഹരിവസ്തുക്കൾ, വ്യാജമദ്യം എന്നിവ കടത്തുന്നത് തടയുന്നതിനാണ് മുഖ്യ പരിഗണന നൽകുന്നത്. ഇതിന്റെ ഭാഗമായി ട്രെയിനുകളിലെ ജനറൽ കമ്പാർട്ട്‌മെന്റുകൾ, ലഗേജ്-പാഴ്സൽ ബോഗികൾ, റെയിൽവേ പാർക്കിംഗ് മേഖലകൾ എന്നിവിടങ്ങളിലെല്ലാം പരിശോധന കർശനമാക്കിയിട്ടുണ്ട്. പ്രധാന സ്റ്റേഷനുകളിൽ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ലഹരി ഉപയോഗിച്ചുകൊണ്ട് ആളുകൾ ട്രെയിനുകളിൽ കയറുന്നത് തടയാൻ ഇന്റലിജൻസ്, ഡാൻസാഫ് വിഭാഗങ്ങളെയും
ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
വനിതാ കോച്ചുകളിലെ സുരക്ഷ വർധിപ്പിക്കാൻ റെയിൽവേ പോലീസ് സൂപ്രണ്ട് നിർദ്ദേശം നൽകിയിട്ടുണ്ട്. യാത്രയ്ക്കിടെ സംശയകരമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ 112, 139 അല്ലെങ്കിൽ 9846200100 എന്നീ നമ്പറുകളിൽ വിളിച്ച് പോലീസിനെ വിവരമറിയിക്കാമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.




