ആലപ്പുഴ: കരുവാറ്റയിൽ ശിവൻകുട്ടി കൊല്ലപ്പെട്ട കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കൊല്ലപ്പെട്ട ശിവൻകുട്ടിയോട് പ്രതിയായ പെൺകുട്ടിക്ക് കടുത്ത ശത്രുതയുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം വീട്ടിൽ നടത്തിയ മോഷണശ്രമം ശിവൻകുട്ടി കയ്യോടെ പിടികൂടിയതും തുടർന്നുണ്ടായ വഴക്കിൽ തന്നെ 'കള്ളി' എന്ന് വിളിച്ചതുമാണ് പെൺകുട്ടിയുടെ പക വർധിപ്പിച്ചത്. അന്ന് രാത്രി തന്നെ ശിവൻകുട്ടിയെ വകവരുത്തണമെന്ന് പെൺകുട്ടി ആൺസുഹൃത്തിനോട് ആവശ്യപ്പെടുകയായിരുന്നു. അന്നു രാത്രി ശിവൻകുട്ടി തന്നെ മോശമായി സ്പർശിച്ചെന്ന പെൺകുട്ടിയുടെ ആരോപണം ശാസ്ത്രീയമായി പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഇതിനായി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഉൾപ്പെടുന്ന പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് പെൺകുട്ടിയെ വിശദമായ വൈദ്യപരിശോധനയ്ക്കും ചോദ്യം ചെയ്യലിനും വിധേയമാക്കും. പിടിയിലായ നാല് കുട്ടികളെയും കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി അന്വേഷണ സംഘം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അതേസമയം, ശിവൻകുട്ടിയുടെ സംസ്കാരം ഇന്ന് നടക്കും.
കൃത്യം നടത്തിയ ശേഷം കൊലപാതകക്കുറ്റം പെൺകുട്ടിയുടെ പിതാവിന്റെ തലയിൽ ചാരാനും പ്രതികൾ തുടക്കത്തിൽ ശ്രമം നടത്തിയിരുന്നു. പിതാവിന് ശിവൻകുട്ടിയുമായി ശത്രുതയുണ്ടെന്ന തരത്തിലായിരുന്നു പെൺകുട്ടി നൽകിയ മൊഴി. പെൺകുട്ടിയുടെ വയറ്റിലെ മുഴ ശസ്ത്രക്രിയ ചെയ്യുന്നതിന് പണം നൽകാനാണ് ഹരിപ്പാട് എത്തിയതെന്ന പ്രതികളുടെ വാദവും ശാസ്ത്രീയ തെളിവുകൾ നിരത്തി പോലീസ് തള്ളിക്കളഞ്ഞു.
കൊലപാതകം നടക്കുന്ന വേളയിൽ പെൺകുട്ടി എവിടെയായിരുന്നു എന്നതിൽ ഇപ്പോഴും ദുരൂഹതയുണ്ടെങ്കിലും, കുട്ടി കരുവാറ്റയിൽ നിന്ന് പോയിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടി മുൻപ് കൊല്ലത്ത് താമസിച്ചിരുന്ന കാലയളവിലും അയൽവാസികളുമായി അധികം അടുപ്പം കാണിച്ചിരുന്നില്ലെങ്കിലും മാന്യമായാണ് പെരുമാറിയിരുന്നതെന്ന് നാട്ടുകാർ പറയുന്നു. പോലീസ് വീട്ടിലെത്തി തെളിവുകൾ നിരത്തിയപ്പോഴാണ് കുട്ടികളാണ് ഈ കൃത്യത്തിന് പിന്നിലെന്ന് ഇവരുടെ കുടുംബാംഗങ്ങൾ പോലും അറിഞ്ഞത്. പോലീസിനെ കണ്ടപ്പോൾ യാതൊരു ഭാവവ്യത്യാസവും പ്രകടിപ്പിക്കാതിരുന്ന പ്രതികൾ പതിവായി യാത്ര ചെയ്യുന്ന സ്വഭാവമുള്ളവരാണ്. പിടിയിലായവരിൽ പരവൂർ സ്വദേശികളായ മൂന്ന് കുട്ടികളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണെന്നും ഇവർക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലെന്നും പോലീസ് വ്യക്തമാക്കി.




