കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പുറത്തുവിട്ട വിവരങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് മാത്യു കുഴൽനാടൻ. ഇപ്പോൾ പുറത്തുവന്നത് മഞ്ഞുമലയുടെ ഒരംശം മാത്രമാണെന്നും 20 കോടി രൂപയുടെ ഹവാല ഇടപാടുകൾ നടന്നതായി ഇ.ഡി വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിണറായി വിജയന്റെ കുടുംബം നടത്തിയ അഴിമതിയുടെ വ്യാപ്തി ഇനിയും പൂർണ്ണമായി പുറത്തുവരാനിരിക്കുന്നതേയുള്ളൂവെന്നും ഈ കൊള്ളയ്ക്ക് കേരളം വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ പിണറായി വിജയൻ പുലർത്തുന്ന മൗനം സംസ്ഥാനത്തെ ജനങ്ങൾക്ക് അംഗീകരിക്കാനാവില്ലെന്നും സ്വന്തം കൈകൾ ശുദ്ധമാണെന്ന് പറയാൻ ഇനി അദ്ദേഹത്തിന് കഴിയില്ലെന്നും കുഴൽനാടൻ പറഞ്ഞു. ഇ.ഡിയുടെ കണ്ടെത്തലുകളിൽ സി.പി.ഐ.എമ്മിന്റെ മറുപടി അറിയാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്ത് വൻതോതിൽ പണം സമാഹരിക്കുകയും വലിയ അഴിമതി നടത്തുകയുമാണ് ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാസപ്പടി വിഷയത്തിൽ സി.പി.ഐ.എം തന്നെ വേട്ടയാടുകയാണ് ചെയ്തത്. ചട്ടവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയെക്കൊണ്ട് പോലും പറയിപ്പിച്ചു. പിണറായി വിജയന്റെ കൊള്ളയെ ന്യായീകരിക്കാൻ ശ്രമിച്ചതാണ് പാർട്ടിയുടെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
സി.എം.ആർ.എൽ-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയുടെ മകൾ വീണ ടി. ഹവാല ചാനലുകളിലൂടെ പണമിടപാട് നടത്തിയതിന് തെളിവുകൾ ലഭിച്ചതായി ഇ.ഡി ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു മാത്യു കുഴൽനാടന്റെ ഈ പ്രതികരണം.




