കാസർകോട്: ജില്ലയിലെ വിവാദമായ മയക്കുമരുന്ന് കേസിലെ പ്രതികളെ മൂന്ന് ദിവസത്തേക്ക് കാസർകോട് ജില്ലാ സെഷൻസ് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. അതേസമയം, കേസിൽ പ്രതികൾക്കായി കോടതിയിൽ ഹാജരായത് കോൺഗ്രസ് നേതാവും കാസർകോട് മണ്ഡലം പ്രസിഡന്റുമായ അഡ്വ. ഷാജിദ് കമ്മാടമാണ്.
എം.ഡി.എം.എ കേസിൽ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നവർ പിടിയിലായത് വലിയ രാഷ്ട്രീയ വാക്പോരുകൾക്ക് വഴിവെച്ചിരുന്നു. പിടിയിലായവർക്ക് യാതൊരുവിധ രാഷ്ട്രീയ ആനുകൂല്യങ്ങളും സംരക്ഷണവും നൽകില്ലെന്ന് കോൺഗ്രസ് മുൻപ് വ്യക്തമാക്കിയിരുന്ന പശ്ചാത്തലത്തിലാണ് മണ്ഡലം പ്രസിഡന്റ് തന്നെ പ്രതികൾക്കായി കോടതിയിൽ നേരിട്ടെത്തിയത്.
വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്റർ എന്ന് സ്വയം അവകാശപ്പെടുന്ന ഹുസൈൻ ഈ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനിയാണെന്നും പിടിയിലായവർ അന്തർസംസ്ഥാന ലഹരി മാഫിയാ സംഘത്തിലെ കണ്ണികളാണെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആന്ധ്രാപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലെ മയക്കുമരുന്ന് മാഫിയകളുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ട്. മുൻപും നിരവധി ലഹരിക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള സൈനുൽ ആബിദാണ് ലഹരിക്കടത്തിന്റെ മുഖ്യ സൂത്രധാരനെന്നാണ് നിഗമനം. ഈ ഇടപാടുകൾക്ക് പിന്നിൽ വൻ മാഫിയാ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് കരുതപ്പെടുന്നു. ഇതരസംസ്ഥാനക്കാരിയായ ഒരു യുവതി വഴിയാണ് എറണാകുളത്തേക്ക് എം.ഡി.എം.എ എത്തിച്ചുനൽകിയതെന്നും, ഊബർ ടാക്സി കാറുകൾ ഉപയോഗിച്ചാണ് ലഹരിക്കടത്ത് നടത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.





